ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിലെ ചൗധരി ചരൺ സിംഗ് ജില്ലാ ജയിലിൽ വെള്ളിയാഴ്ച ചെരുപ്പിനുള്ളില്‍ ലഹരി ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അഭിഭാഷകനെ പിടികൂടിയത് സംഘര്‍ഷത്തിന് വഴിവെച്ചു. ജയിൽ ജീവനക്കാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വക്കീൽ വസ്ത്രം ധരിച്ച് അഭിഭാഷകന്റെ വേഷത്തിലായിരുന്നു ഇയാള്‍.
വൈകിട്ട് മൂന്ന് മണിയോടെ നിരവധി അഭിഭാഷകർ തടവുകാരെ കാണാൻ ജയിൽ പരിസരത്ത് എത്തിയതായാണ് വിവരം. എല്ലാവരേയും ജയിലിന്റെ മൂന്ന് ഗേറ്റുകളിൽ പരിശോധിച്ച് തടവുകാരെ കാണാൻ അനുവദിച്ചു. ഈ സമയത്താണ് അനൂജ് ഗുപ്ത എന്ന വ്യക്തി മദ്യക്കടത്ത് കേസില്‍ തടവിൽ കഴിയുന്ന ഒരു തടവുകാരനെ കാണാൻ എത്തിയത്. ഇരുവരും ഏറെ നേരം സംസാരിച്ചു, അതിനിടയിൽ അനുജ് ഗുപ്ത തന്റെ ചെരിപ്പുകൾ അഴിച്ച് തടവുകാരന് നൽകുകയും തടവുകാരന്റെ പഴയ ചെരിപ്പുകൾ ധരിക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍ പെട്ട ജയിൽ ജീവനക്കാർ സംശയം തോന്നി ഇരുവരുടെയും ചെരുപ്പുകൾ അഴിച്ചു മാറ്റി പരിശോധിച്ചപ്പോൾ 2400ഓളം ലഹരി ഗുളികകൾ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ അനൂജ് ഗുപ്തയെ ജയിൽ ജീവനക്കാർ പിടികൂടി ഗേറ്റിലേക്ക് കൊണ്ടുപോയി പോലീസിന് കൈമാറുകയും ചെയ്തു. അനൂജ് ഗുപ്ത തൊഴിൽപരമായി ഒരു അഭിഭാഷകനാണെന്ന് പറയപ്പെടുന്നു.