ചരിത്രാവശിഷ്ടങ്ങൾ കടത്തിയെന്നാരോപിക്കപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് ഹിസ്പാനിക്കിന് മുമ്പുള്ള 1,222 പുരാവസ്തു വസ്തുക്കൾ കണ്ടെത്തിയതായി ഗ്വാട്ടിമാലയിലെ പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു.
വിനോദസഞ്ചാര നഗരമായ ആന്റിഗ്വയിലെ സ്റ്റെഫാനി ആലിസൺ ജോല്ലക്കിന്റെയും ജോർജിയോ സാൽവിഡോർ റോസിലിയുടെയും വീട്ടിൽ 12 മണിക്കൂർ നീണ്ട പരിശോധനയിലാണ് വലിയ കല്ലിൽ കൊത്തുപണികൾ മുതൽ ചെറിയ മൺപാത്രങ്ങൾ വരെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്.
അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡ് സാംസ്കാരിക വസ്തുക്കൾ അനധികൃതമായി കടത്തുന്ന റാക്കറ്റുകള്‍ക്ക് കനത്ത പ്രഹരമാണെന്ന് തെക്കേ അമേരിക്കൻ രാജ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ജേഡും ബസാൾട്ടും കൊണ്ട് നിർമ്മിച്ച കല്ല് ഉരുപ്പടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധനയ്ക്കായി സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.
എ ഡി 600 നും 900 നും ഇടയിലുള്ള രണ്ട് ശിലാ കൊത്തുപണികളുമായി ഗ്വാട്ടിമാലയിൽ നിന്ന് പറക്കാൻ ശ്രമിച്ചതിന് 49 കാരനായ ജോല്ലക്കിനെ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
ഗ്വാട്ടിമാലയിൽ ദീർഘകാലമായി താമസിക്കുന്നതിനാൽ വ്യക്തിപരമായ അംഗീകാരത്തിന്റെ പേരിൽ ഒരു ജഡ്ജി അവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. വിനോദസഞ്ചാര നഗരമായ ആന്റിഗ്വയിലാണ് ജോല്ലക്കും അമേരിക്കൻ പങ്കാളി റോസിലിയും താമസിക്കുന്നത്.
ദമ്പതികളുടെ വാഹനത്തിൽ കണ്ടെത്തിയ 166 പുരാവസ്തുക്കളിൽ 90 ശതമാനവും ആധികാരികമാണെന്ന് ഗ്വാട്ടിമാലയുടെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ഗ്വാട്ടിമാലയിൽ, സ്മാരകങ്ങളും പുരാവസ്തു ഉല്പന്നങ്ങളും കടത്തുന്നത് കുറ്റകരമാണ്. പിടിക്കപ്പെട്ട് കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് മുതൽ 10 വർഷം വരെ തടവ് ലഭിക്കാം.