ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ മണിക്കൂര്‍ ശമ്പളം 23.82 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സിറ്റി കൗണ്‍സില്‍. അര്‍ഹമായ വേതനത്തില്‍ ജീവനക്കാര്‍ നാളുകളായി ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു.
ആപ്പിലൂടെ വിതരണം നടത്തുന്ന കമ്പനികളായ യൂബര്‍ ഈറ്റ്സ്, ഗ്രമ്പ്ഹബ്, ഡോര്‍ഡാഷ് കമ്പനികളിലെ ജീവനക്കാര്‍ക്കു അതിന്റെ ആനുകൂല്യം ലഭിക്കുക. പൂര്‍ണ്ണമായും ഇതു പ്രാബല്യത്തില്‍ വരണമെങ്കില്‍ 2025 വരെ കാത്തിരിക്കണം.
ഡിസംബര്‍ 16ന് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചതിനുശേഷം ആദ്യഘട്ടത്തില്‍ മണിക്കൂറിന് 17.87 ഡോളറും, തുടര്‍ന്ന് ഏപ്രില്‍ 2025 ഓടെ 23.82 ഡോളര്‍ നല്കുന്നതിനുമാണ് നിര്‍ദ്ദേശം.
ആപ്പ് അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 60,000 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ കോണ്ട്രാക്റ്റ് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നതിനാല്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ല. ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ എന്ന പദവി നല്‍കുക എന്നതാണ് ഇതുകൊണ്ട് സിറ്റി ലക്ഷ്യമിടുന്നത്.
ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ ആന്റ് വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ ഈ ജീവനക്കാരുടെ ശമ്പളം റ്റിപ്പു കൂടാതെ ശരാശരി 7.09 ഡോളര്‍ മാത്രമാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് റസ്റ്റോറന്റ് അസ്സോസിയേഷന് ഈ നിര്‍ദ്ദേശത്തെ ആശങ്കയോടെയാണ് കാണുന്നത്. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ആശ്വാസം ലഭിക്കും.