പടച്ചോന്റെ ഗോള്‍ (കഥ)

പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ അയാൾ തിരിച്ചുവരുന്നത് എന്റെ ഉപ്പ മരിച്ച ദിവസമാണ്! മയ്യത്തിന്റെ തലക്കുംഭാഗത്തിരിക്കുന്ന ഞാൻ ആ മുറിയിലേക്ക് വരുന്നവർക്കെല്ലാം ഉപ്പാന്റെ മുഖം വെള്ളത്തുണി നീക്കി കാണിച്ചു കൊടുക്കുമ്പോൾ അയാളും ഉപ്പയെ കാണാനെത്തി. ഒറ്റക്കണ്ണുള്ള അയാളുടെ മുഖം അപ്പോഴേ എനിക്കുള്ളിൽ തറച്ചുനിന്നു.

കബറടക്കത്തിനുശേഷം, രാത്രി, മൗലൂദ് കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽനിന്ന് ഒന്നൊന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ മതിലിനരികിൽ നിൽക്കുന്ന അയാളെ ഞാൻ വീണ്ടും കണ്ടു. മുക്രിയേയും യത്തീംഖാനയിലെ കുട്ടികളെയും യാത്രയാക്കി വീട്ടിലേക്ക് കയറുമ്പോഴാണ് മൂത്താപ്പ മതിൽ ചാരിനിൽക്കുന്ന അയാളെ ശ്രദ്ധിക്കുന്നത്. മുഖം തിരിച്ച്, നടന്നു നീങ്ങുന്ന അയാൾക്കു മുൻപിലേക്ക് മൂത്താപ്പ നടന്നു. ഞാനും മുറ്റത്തുനിന്ന് ചെത്തുവഴിയിലേക്കിറങ്ങി.

“നുഹ്‌മാനല്ലേ? ജ്ജ് നുഹ്‌മാനല്ലേന്ന്?”

മൂത്താപ്പ വഴിതടഞ്ഞു ചോദിച്ചു. മുഖമുയർത്തി അയാൾ തലയാട്ടി, വീണ്ടും മുന്നോട്ടു നടക്കാനാഞ്ഞപ്പോൾ മുത്താപ്പ വഴിമാറിയില്ല.

“നുഹ്‌മാനെ ജ്ജ് എവടെയ്ന്നെടാ? അന്നെ ഞങ്ങള് തെരയാത്ത സ്ഥലങ്ങളില്ലല്ലോ, മാനേ! വാടാ. കുടീക്ക് വാ.”

മൂത്താപ്പ അയാളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഞാനുറപ്പിച്ചു, അത് ഉപ്പാന്റെ അനിയൻ നുഹ്‌മാൻ എളേപ്പ തന്നെയാണെന്ന്. എനിക്കുള്ളിലപ്പോൾ, മുന്നോട്ടു പറന്ന് പന്തിലേക്ക് തലവെച്ചു കൊടുക്കുന്ന എളേപ്പയുടെ കുറിയ രൂപമായിരുന്നു, ആൾക്കൂട്ടങ്ങളിലെ ആർപ്പു വിളികളായിരുന്നു.

“ഗോൾ! റബ്ബിന്റെ തലേണത്! കണ്ടടാ, ഞങ്ങളെ ഒറ്റക്കണ്ണൻ പിന്നേം അടിച്ചു. നോക്കടാ…”

ബസ്സിന്റെ ഷട്ടർ ഞാൻ പതിയെ ഉയർത്തി. കാറ്റിനൊപ്പം സുബഹ് വാങ്കിന്റെ നേർത്തശബ്ദവും അകത്തേക്കു വന്നു. ബസ് ഹൈവേയിലൂടെ വേഗതയിൽ പായുകയാണ്. വാങ്ക് വിളികേട്ട്, സീറ്റിൽ ചുരുണ്ടുകിടക്കുന്ന കസാലി അളിയൻ എഴുന്നേറ്റിരുന്ന് കോട്ടുവായിട്ടു, പോക്കറ്റിൽ നിന്നെടുത്ത വട്ടതൊപ്പി തലയിലണിഞ്ഞു. സീറ്റിലിരുന്ന് നിസ്കരിക്കാൻ തുടങ്ങി. പുറത്ത്, ഇരുട്ട് വിട്ടകന്നുപോയിട്ടില്ല. വെളിമ്പ്രദേശത്തെ മുൾച്ചെടികളുടെ ഇരുണ്ടനിഴലുകൾ അകന്നകന്നു പോവുന്നു.

ഖുർആൻ ഓതുന്നതു കേട്ട് ഞാൻ പുറംകാഴ്ചകളിൽനിന്ന് തലതിരിച്ചു. കസാലി അളിയൻ മൊബൈൽ ഫോൺ നോക്കി ഖുർആൻ ഓതുന്നതിനിടയിൽ വാട്സപ്പ് സന്ദേശം വന്നു. അത് മൂത്താപ്പയുടെ ശബ്ദസന്ദേശമായിരുന്നു.

“കസാല്യേ, ഞാനേ സുബയി നിസ്കരിച്ച് പള്ളിന്റെ പൊറത്ത് ന്ക്കാ. ഇന്ക്കൊര് തലചുറ്റല്. കത്തീബിനീം മഹല് സെക്രട്ടറിനീം കണ്ട് കാര്യം പറേണം. ഇങ്ങള് അവടെത്ത്യാ നേരേ ഗവൺമെന്റ് ആസ്പത്രീക്ക് പോണം.”

വാട്സപ്പിന്റെ പച്ച ബട്ടൺ വിരൽ കൊണ്ടമർത്തി കസാലി ഫോൺ ചുണ്ടോടടുപ്പിച്ചു.

“എല്ലാം റബ്ബിന്റെ തീര്മാനല്ലേ. വേജാറാവര്ത് മൂത്താപ്പാ. ഇങ്ങള് അവ്ട്ത്തെ കാര്യങ്ങള് ശരിയാക്ക്. ഞങ്ങള് നാമക്കല്ല് അട്ക്കാറായി”

വിദൂരങ്ങളിലെ ഉദയസൂര്യനരികിൽ വലിയൊരു പാറക്കെട്ട് തലയുയർത്തി നിൽക്കുന്നത് ഞാൻ കണ്ടു. പാറപ്പരപ്പിനു മുകളിലെന്തൊ പടുത്തുയർത്തിയിട്ടുണ്ട്. ബസ് അതിനരികിലേക്കാണ് കുതിക്കുന്നത്.

അന്ന്, ഉപ്പയുടെ മരണശേഷം ഏഴും കഴിഞ്ഞാണ് നുഹ്‌മാൻഎളേപ്പ പോയത്. നാട്ടിൽ നിൽക്കാൻ ഞങ്ങളെല്ലാം പറഞ്ഞിട്ടും കേട്ടതേയില്ല. തമിഴ്നാട്ടിലെ മുട്ടക്കമ്പനിയിലാണ് ജോലിയെന്നു പറഞ്ഞു. എങ്ങനെയാണ് മരണ വിവരമറിഞ്ഞതെന്ന് മൂത്താപ്പ ചോദിച്ചപ്പോൾ എളേപ്പയുടെ ഒറ്റക്കണ്ണ് നിറയുന്നത് അരികിൽ നിൽക്കുന്ന ഞാനും ഉമ്മയും അമ്മായിമാരും കണ്ടു.

മൂത്താപ്പയുടെ കൈപിടിച്ച് നുഹ്‌മാൻഎളേപ്പ പറഞ്ഞു.

“മ്മളെ ഉപ്പ മരിച്ചപ്പൊ, ഇങ്ങള് കുടുംബം പോറ്റാനായി പേർഷ്യക്ക് ലോഞ്ചിന് പോയി. പിന്നെ, ന്റെ അത്താണി ഈ മരിച്ച് പോയ അസ്സനാപ്പായിരുന്നു. സന്തോഷ് ട്രോഫി സെലക്ഷൻ കേമ്പിലേക്ക് തെരഞ്ഞെടുത്തപ്പൊ ഇനിക്കൊരു ബൂട്ടും കേൻവാസ് ഷൂസും ഒന്നൂല്ലായിരുന്നു. അസ്സനാപ്പയും ഞാനും പലരെ മുമ്പിലും പൈസക്ക് കൈനീട്ടി. ഒടുക്കം, വെറുംകാലുകളോടെ ഞാന് കേമ്പിലേക്ക് പോയി. തള്ളപ്പെടുമെന്ന് ഒറപ്പുണ്ടായിരുന്നു. കേമ്പ് തൊടങ്ങണ പൊലച്ചെ, പേടിയോടെ ഗ്രൗണ്ടിലേക്ക് നടക്കുമ്പൊ സഞ്ചീം പിടിച്ച് ഓടിവര്ണ അസ്സനാപ്പനെ കണ്ടു. സ്വന്തം ചോരവിറ്റായിര്ന്നു ബൂട്ടും സോക്സും അസ്സനാപ്പ വാങ്ങ്യേതെന്ന് പിന്നീട് ഞാനറിഞ്ഞു!”

എളേപ്പ നടന്നു നീങ്ങുമ്പോൾ അങ്ങാടിവരെ ഞാനും മൂത്താപ്പയും കൂടെനടന്നു..

“ആ ബൂട്ട്കളിന്നും തമിഴ്നാട്ടിലെ ന്റെ വീട്ടില്ണ്ട്. അന്ന് രാത്രി, ബൂട്ട് വെച്ച സഞ്ചീന്നെന്തോ കാലിലേക്കൊറ്റിവീണതറിഞ്ഞ് ഒറക്കത്ത്ന്ന് ഞെട്ടിയുണർന്നു. കാൽവെരലുകളിലെ വള്ളത്തുള്ളികൾ കണ്ടയുടനെ കട്ടിലീന്നെണീറ്റ് ഞാന് വീട്ടീന്നെറങ്ങി.”

പിന്നീട്, രണ്ടുമാസം കൂടുമ്പോൾ എളേപ്പ നാട്ടിലേക്ക് വരും. നാഗൂർ പള്ളിയിലെ എണ്ണയും തിരുപ്പൂരിൽ നിന്നുള്ള കുപ്പായങ്ങളും തിരുന്നൽവേലി ഹലുവകളും കൊണ്ടുവരും. നാട്ടിൽ നിന്ന് മടങ്ങുമ്പോൾ ഫുട്ബോളും ബൂട്ടുകളും ജേഴ്സികളും കൊണ്ടു പോകും, തമിഴ്ഗ്രാമത്തിലെ കുട്ടികളെ എളേപ്പ പന്തുകളി പഠിപ്പിക്കുന്നുണ്ടായിരുന്നു.

എല്ലാ വർഷവും നോമ്പുകാലത്ത് നാട്ടിൽ തന്നെയാവും താമസിക്കുക. ഇന്നലെ രാവിലെയാണ് നുഹ്‌മാൻ എളേപ്പ മരിച്ച വിവരം മൂത്താപ്പ ഫോൺവഴി അറിയുന്നത്. പല ഭാഷകളും സംസാരിക്കാനറിയാവുന്ന കസാലി അളിയനെ നാമക്കല്ലിലേക്ക് വിടാൻ മൂത്താപ്പ തീരുമാനിച്ചു, കൂടെപ്പോവാൻ എന്നോടും പറഞ്ഞു.

നാമക്കൽ ബസ് സ്റ്റേഷനരികിലെ ബാത്ത്റൂമില്‍ നിന്ന് ഞാൻ പുറത്തിറങ്ങി. കസാലി അളിയൻ കൈകളും മുഖവും കഴുകി തോർത്തു കൊണ്ടു തുടച്ച് പിറകെ വന്നു. മാനത്തേക്കുയർന്നു നിൽക്കുന്ന പാറക്കെട്ടിനു മുകളിലെ കോട്ടയേയും നോക്കി നിൽക്കുമ്പോൾ അളിയൻ ഓട്ടോകൾക്കരികിലേക്ക് നടക്കുന്നുണ്ടായിരുന്നു. കോട്ടയിലേക്കു കയറിപ്പോവാൻ പാറക്കു മുകളിലൂടെ പടികളുണ്ട്, ഇരുമ്പു കൈപ്പിടികളുണ്ട്. കസാലി അളിയൻ ഓട്ടോയിൽ കയറി, എന്നെ മാടിവിളിച്ചു.

ഓട്ടോ നഗരത്തിലെ ഇടുങ്ങിയവഴികളിലൂടെ നീങ്ങി. പാറക്കെട്ടിനു താഴെയുള്ള വലിയതടാകത്തെ ചുറ്റിപ്പോവുമ്പോൾ കസാലി അളിയന്റെ ഫോൺ, മണിയൊച്ചകൾ മുഴക്കി.

“കത്തീബും സെക്രട്ടറീം ഇബടെ കബറടക്കാന്ള്ള സമ്മതം തന്നു. ഇങ്ങള് ആസ്പത്രീലെത്ത്യോ?”

“മൂത്താപ്പ, ഞങ്ങളിപ്പൊ അവടെത്തും. നാളെ പത്ത്മണിക്ക് കബറടക്കം നടത്താം. അത്ങ്ങള് എല്ലാരോടും പറഞ്ഞോളിം.”

“കസാല്യേ, മയ്യത്ത് കിട്ട്യാ ഇങ്ങള് വേഗം ആംബുലൻസീ കയറ്റണം. അയിന്റെ വാടക ഇബട്ന്ന് കൊട്ത്തോളാം.”

“ആസ്പത്രി അടുത്തു. ഞാൻ വിളിക്കാം,മുത്താപ്പാ”

മോർച്ചറി ഭാഗത്തേക്ക് ഞങ്ങൾ നടന്നു. ആംബുലൻസുകൾ നീല ലൈറ്റുകൾ മിന്നിച്ചു നിൽപ്പുണ്ടായിരുന്നു. ആളുകൾ രണ്ടു ശവങ്ങൾ പുറത്തിറക്കുകയാണ്. കസാലി അളിയൻ മോർച്ചറിക്കകത്തേക്ക് പോയി. ഞാൻ പുളിമരച്ചോട്ടിൽ നിന്നു. സ്പിരിറ്റിന്റെ മണമായിരുന്നു, അവിടെ. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞ് ഞാൻ മോർച്ചറിക്കുള്ളിലേക്ക് നടന്നു. കടലാസു തുണ്ടുമായി, ഇരുട്ടു നിറഞ്ഞ മുറിയിൽ നിന്ന് അളിയൻ അരികിലേക്ക് വന്നു. എല്ലാം പറയാമെന്നു പറഞ്ഞു പുറത്തേക്കെന്നെ കൂട്ടിക്കൊണ്ടുവന്നു. ഓട്ടോയിലേക്ക് കയറ്റി.

ഞങ്ങൾ വീണ്ടും ബസ് സ്റ്റേഷനിലെത്തി. കസാലി അളിയൻ ബസ്സുകളുടെ ബോർഡുകൾ നോക്കി നടന്നു, കണ്ടക്ടർമാരോട് സംസാരിച്ചു. മൂന്ന് ഹിജഡകൾ കൈയ്യടിച്ച് അരികിലെത്തി, പത്തുരൂപ കൊടുത്തപ്പോൾ അവരെന്റെ തലയിൽകൈവെച്ച് അനുഗ്രഹിക്കാൻ തുടങ്ങി. അതിനിടയിൽ എന്റെ ഫോൺ അറബിപ്പാട്ടുമായി വിറച്ചു.

“എന്താടാ, കസാലി ഫോണെട്ക്കാത്തെ? മയ്യത്ത് ആംബുലൻസീ കയറ്റ്യോ?”

“മൂത്താപ്പാ, ചെറിയൊരു പ്രശ്നണ്ട്. എളേപ്പ താമസിക്കുന്ന ഗ്രാമത്ത്ക്ക് ഇന്ന് പുലര്ച്ചെ മയ്യത്ത് കൊണ്ടോയി. ഞങ്ങളങ്ങട്ട് പോവാ”

പതിയെ നീങ്ങുന്ന ബസ്സിലേക്കോടിക്കയറുന്നതിനിടയിൽ കസാലി അളിയൻ എന്നെ ഒച്ചവെച്ചു വിളിച്ചു. ഞാനും ബസ്സിലേക്കോടി.

“ആ സ്ഥലം എവടേണടാ?”

“കൊല്ലിമലാന്നാണ് സ്ഥലപ്പേര്. മൂത്താപ്പാ, അങ്ങട്ട്ള്ള ബസ് വന്നു. ഞാൻ കയറട്ടെ.”

ഇളയരാജയുടെ ഗാനവുമായി ബസ് വാഹനത്തിരക്കിലൂടെ ഹോൺ മുഴക്കി നീങ്ങി. പഴനിയിൽ നിന്നു വരുന്ന ആണുങ്ങളും പെണ്ണുങ്ങളുമാണ് മുൻസീറ്റിൽ. അവരുടെ മൊട്ടയിൽനിന്ന് കളഭം കഴുത്തിലേക്കൊലിച്ചിട്ടുണ്ട്. സെന്തമംഗലം എന്ന സ്ഥലം വരെ ഈ ബസിൽ പോയി അവിടെനിന്ന് കൊല്ലിമല പോവാൻ വേറെ ബസ് കയറണമെന്ന് ടിക്കറ്റെടുക്കുമ്പോൾ കസാലി അളിയൻ പറഞ്ഞു. കൊയ്ത്തു കഴിഞ്ഞ വയലുകൾക്കിടയിലൂടെ നീങ്ങുമ്പോൾ ഫുട്ബാൾ കളിക്കുന്ന കറുത്തകുട്ടികളെ കണ്ടു.

പെനാൽട്ടി ബോക്സിന്റെ വലതുമൂലയ്ക്ക് മുൻപിലേക്കുയർന്നുവന്ന പന്ത് കാൽവരുതിയിലാക്കി നുഹ്‌മാൻ എളേപ്പ മുന്നോട്ടു കുതിക്കുമ്പോൾ ഗാലറിയിലെ ആളുകൾ “വെട്ടെടാ…ഒറ്റക്കണ്ണനെ വെട്ടെടാ” എന്നൊച്ച വെക്കുന്നതോടൊപ്പം പാഞ്ഞടുക്കുന്ന സ്റ്റോപ്പർ ബാക്കിന്റെ കാൽ കൊണ്ടുളള വെട്ട് ചാടിക്കടന്ന്, ഓടിയെത്തിയ ഗോളിക്കു മുകളിലൂടെ പന്ത് കോരിയിട്ട് മൺപൊടികൾക്കുള്ളിൽ നിന്ന് പന്ത് ഗോൾ പോസ്റ്റിലേക്കാഞ്ഞടിച്ചപ്പോൾ ഗാലറികളിൽ ആർപ്പു വിളികളുയർന്നു.

നോട്ടുമാലകളുമായി മൈതാനത്തേക്കോടിയെത്തിയ ആളുകൾ എളേപ്പയെ തോളിലേറ്റി. ചരിത്രത്തിലിടം പിടിക്കാതെ പോയ, സെവൻസ് ഫുട്ബോളിലെ എത്രയോ ഗോളുകൾ പിറവിയെടുത്ത നുഹ്‌മാൻ എളേപ്പയുടെ കാലുകൾ, തന്നെ അവഗണിച്ചവരോടുള്ള ദേഷ്യം തീർക്കുകയായിരുന്നോ? രണ്ടു തവണ സെലക്ഷൻ ക്യാമ്പിലെത്തിയിട്ടും നല്ലവണ്ണം കളിച്ചിട്ടും സന്തോഷ് ട്രോഫി ടീമിൽനിന്ന് പുറത്തായതിലുള്ള അടങ്ങാത്ത വേദനയുമായി നടക്കുമ്പോഴാണ് ഏറേ സ്നേഹിച്ച പെണ്ണിനേയും എളേപ്പക്ക് നഷ്ടപ്പെടുന്നത്.

“കണ്ണിക്കണ്ട പാടത്ത് പന്ത്തട്ടി നടക്ക്ണ ഓനെങ്ങനെ ഞാന്റെ പെണ്ണിനെ കൊടുക്കും. ആ കണ്ണിന്റെ കായ്ച്ചകൂടി പോയാല് ഓംപ്പിന്നെ കുര്ടനാവൂലെ, അസ്സാ…!”

എ.ആർ.റഹ്‌മാന്റെ ഗാനവുമായാണ് ബസ് കൊല്ലിമലയുടെ മുകൾപ്പരപ്പിനെ തൊടുന്നത്. ജട കെട്ടിയ മൂന്നു സന്യാസിമാരാണ് ഞങ്ങളുടെ മുൻസീറ്റിൽ, അഴുക്കു പുരണ്ട കഴുത്തിൽ പലതരം മാലകൾ കെട്ടുപിണഞ്ഞു കിടക്കുന്നു. കൊല്ലിമലയിലെ ഏതെങ്കിലും അമ്പലത്തിലേക്കാവും അവർ പോകുന്നത്. സെമ്മേട് എത്തിയാൽ പറയണമെന്ന് കസാലി അളിയൻ കണ്ടക്ടറോട് പറയുന്നതിനിടയിൽ ഫോണടിക്കാൻ തുടങ്ങി.

“കസാല്യേ…ഇങ്ങള് അവടെത്തിയോ? റെയിഞ്ചില്ലല്ലോ”

“ഇവടെ റെയിഞ്ച് കൊറവാ മൂത്താപ്പ. ഞങ്ങളേ ചൊരം കേറിക്കയിഞ്ഞു”

“ന്റെ ഉമ്മ മയ്യത്താമ്പൊ അവസാനം ചോയിച്ചത് നുഹ്‌മാൻ എബടേന്നായിരുന്നു, ഉമ്മാന്റെ കബറിന്റെടുത്ത് ഇനിക്കോനെ മറമാടണം, കസാല്യേ”

“റബ്ബ് ഞമ്മളൊപ്പണ്ട്, മൂത്താപ്പാ…. മുഹ്‌മീനീങ്ങളായ നമ്മളെ റബ്ബ് കാക്കും. പിന്നെ… ഹലോ, ഹലോ”

കസാലി അളിയൻ ഫോണിലേക്കു നോക്കി. കാട്ടുവഴിയിലൂടെയാണ് ബസ് നീങ്ങുന്നത്. തണുപ്പ് അരിച്ചുവരുന്നുണ്ട്. ഉറക്കത്തിലേക്ക് പതിയെ നീങ്ങുന്നതിനിടയിൽ കണ്ടക്ടറുടെ ശബ്ദം പിറകിൽനിന്നുയർന്നു.

“സെമ്മേട്… സെമ്മേട്… വാങ്കോ.”

ഞങ്ങൾ സീറ്റിൽ നിന്നെഴുന്നേറ്റു. ബസ് നിന്നയുടനെ പിറകുഭാഗത്തേക്കു നടന്നു.

റോഡരികിൽ ചോളവും ചീരകളും വിൽക്കുന്ന സ്ത്രീയുടെ അരികിലേക്ക് കസാലി അളിയൻ നടന്നു. സ്ത്രീയോട് സംസാരിച്ച്, മോർച്ചറിയിൽനിന്നു കിട്ടിയ തുണ്ടുകടലാസ് കാണിച്ചു. വിലാസം വായിച്ച്, ബസ് സ്റ്റോപ്പിനു താഴെയുള്ള പാതയിലേക്കവൾ വിരൽചൂണ്ടി. ഞങ്ങളങ്ങോട്ടു നടന്നു. ആ വഴിയിലൂടെ ഏറെദൂരം നടന്ന്, കുന്നിൻ ചെരുവിലേക്കെത്തി. കുന്നിൻപള്ളങ്ങളിലെ മരങ്ങൾക്കുള്ളിൽ ഓടിട്ട ചെറുവീടുകളുണ്ടായിരുന്നു. ചെണ്ടയടികളും ബാൻഡ് മേളവും പതിയെ കേൾക്കാം.

കുരുമുളകു തോട്ടങ്ങൾക്കിടയിലൂടെയുള്ള വഴിയിൽ, കുന്നിൻമുകളിൽനിന്നു ഒഴുകി വരുന്ന ഉറവ പരന്നു കിടക്കുന്നുണ്ടായിരുന്നു. തെളിഞ്ഞ വെള്ളത്തിലൂടെ നടന്നു വരുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളും കസാലി അളിയന്റെ വട്ടത്തൊപ്പി നോക്കി. അവരെ ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്ന അളിയൻ എന്നോട് വേഗം വരാൻ ആംഗ്യം കാണിച്ചു. കുന്നിൻ ചെരുവിലെ വീടിനു മുൻപിൽ നിന്നാണ് ചെണ്ടയും ബാൻഡ് മേളവും നാദസ്വര ശബ്ദവും ഉയരുന്നത്. അവിടെ ആളുകൾ തിങ്ങിനിറഞ്ഞിട്ടുമുണ്ട്.

ഞങ്ങൾ ആ വീടിനു മുൻപിലെ വഴിയിലേക്കെത്തിയപ്പോൾ ആൾക്കൂട്ടം താഴേക്കിറങ്ങിവരുന്നത് കണ്ടു. നെയ്മറിന്റെയും മെസ്സിയുടെയും സുവാരസിന്റെയും പേരെഴുതിയ ജേഴ്സിയണിഞ്ഞ ആൺകുട്ടികൾ ചെണ്ടയടിക്കൊപ്പം ചൂളമടിച്ച് ആടുന്നു, ചിലർ കൈകൾ വായുവിൽ പിടപ്പിച്ച് കാലുകകളുയർത്തി കൂവിളിച്ച് ചാടുന്നു. അവർക്കെല്ലാം പിറകിൽ, മഞ്ഞപൂക്കൾചുറ്റിയ മുളക്കസേരയിലിരുത്തിയ ഒരാളെ ഞാൻ ഞെട്ടലോടെ കണ്ടു. അയാളുടെ മടിയിൽ ഫുട്ബോളും വെച്ചിട്ടുണ്ട്. ആളുകൾ മുളങ്കാലുകളിൽ പിടിച്ച് അയാളേയും കൊണ്ട് നീങ്ങുകയാണ്. ബാൻഡ് മേളത്തോടൊപ്പം മുടിയുലച്ചാടുന്ന സ്ത്രീകളെകണ്ട് ഞാൻ കസാലി അളിയനെ നോക്കി. തലയിൽ കൈവെച്ച് നിലത്തിരുന്നു കഴിഞ്ഞിരുന്നു, അളിയൻ. നാദസ്വരമേളത്തോടൊപ്പം ശവഘോഷയാത്ര ഞങ്ങൾക്കരികിലൂടെ പോകുമ്പോൾ റൊണാൾഡോ എന്നെഴുതിയ ജേഴ്സിയണിഞ്ഞൊരു കുള്ളൻ എന്നെ നോക്കി.

“എങ്കെ ഇരുന്ത്വരീങ്കെ..?”

“കേരള” ഞാൻ പറഞ്ഞു.

“സെത്ത്പ്പോനവരോട ഉറവുക്കാരങ്കളാ നീങ്ക?”

“ങും” കസാലി അളിയൻ ഇരുന്നയിരിപ്പിൽ തലതാഴ്ത്തി പറഞ്ഞു.

“സെത്ത്പ്പോനവരോട ആത്മാ സാന്ത്തി അടയ്യ നീങ്കളും ആടുങ്കോ”

കുള്ളൻ എന്നെ നോക്കി മീശ പിരിച്ചു പറഞ്ഞു…

“തമ്പി ആടുങ്കോ” അയാൾ ശരീരം കുലുക്കി ആടുന്നതോടൊപ്പം കസാലി അളിയനെ പിടിച്ചെഴുന്നേൽപ്പിച്ചു.

“ബ്രോ ആടുങ്കോ” പിന്നീടയാൾ ശവയാത്രക്കരികിലേക്കോടി.

ഞങ്ങളും ആൾക്കൂട്ടത്തിനൊപ്പം നടക്കാൻ തുടങ്ങി. ഏലത്തോട്ടത്തിനുള്ളിലൂടെ നീങ്ങുന്ന ശവം മറ്റൊരു കുന്നിൻ മുകളിലേക്കാണ് കൊണ്ടുപോവുന്നത്. ഇരുൾ മൂടിയ കാട്ടുവഴിയിലെ കയറ്റത്തിൽവെച്ച് തണുത്ത കാറ്റിനൊപ്പം കസാലി അളിയന്റെ ഫോൺ ഒച്ചവെച്ചു.

മൂത്താപ്പാ! ഞാനും അളിയനും മരച്ചോട്ടിൽ അനക്കമറ്റുനിന്നു. ആളുകൾ ഞങ്ങളെ കടന്നുപോകുന്നു.

“ഹലോ… മൂത്താപ്പാ…”

“എന്തായെടാ കാര്യങ്ങള്? കൊറേ നേരമായി വിളിക്ക്ണ്. അവടെപ്പളും റെയിഞ്ചില്ലേ?”

“മുത്തപ്പാ, അത്, മയ്യത്ത് ഇവട്ത്തെ പള്ളീല് കബറടക്കാൻ തീര്മാനിച്ചു. വേജാറാവല്ലെ. അവടായാലും ഇവടായാലും നുഹ്‌മാൻ മണ്ണിലേക്ക് തെന്നല്ലേ പോണത്?”

“കസാല്യേ, ബെന്ധുപ്പാട്ടിലുള്ളോരെല്ലാം ഇബടെത്തീട്ട്ണ്ടെടാ. ഞാന്…ഇങ്ങളെല്ലാരും അവടെ മയ്യത്ത് നിസ്കരിച്ചോളിം. ഞങ്ങള്… മുത്തപ്പാ… ഹലോ… ഹലോ”

ശവവും ആൾക്കൂട്ടവും കാട്ടുവഴിക്കയറ്റത്തിൽ മറഞ്ഞിരിക്കുന്നു. ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. ആരെയോ വിളിക്കാനായി ഫോണിലേക്കു നോക്കി പതിയെ നടക്കുകയാണ് കസാലി അളിയൻ. ഏലത്തോട്ടം പിന്നിട്ട്, കുന്നിൻമുകളിലെ മരണവീട്ടിനു മുൻപിലെത്തി, ഞാൻ. മുകളിലെ പടവുകളിൽനിന്ന് പെൺകുട്ടി നോക്കുന്നുണ്ടായിരുന്നു. ഞാൻ തലതാഴ്ത്തിനടന്നു. ഫോൺ നോക്കി പിറകെവരുന്ന കസാലി അളിയനെ പെൺകുട്ടി വിളിച്ചു. മഞ്ഞ സഞ്ചിയുമായി അളിയനരികിലെത്തിയ അവൾ സംസാരിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞുനോക്കി. അവൾ തന്ന സഞ്ചിയുമായി കസാലി അളിയൻ എനിക്കരികിലേക്ക് വന്നു.

“അതാരാ…”

“നുഹ്‌മാന്റെ ചെറിയപെണ്ണ്, വെണ്ണില”

“സഞ്ചിയിലെന്താ?”

കസാലി അളിയൻ അതു തുറന്നു. ഞാനതിലേക്ക് നോക്കി. പഴകിയതും തുളകൾ വീണതുമായ രണ്ടു ബൂട്ടുകളായിരുന്നു. സഞ്ചിക്കുള്ളിൽ നിന്ന് ഗാലറിയിലെ ആർപ്പുവിളികളുയരുന്നത് ഞാൻ കേട്ടു..

പടച്ചോനേ, ഒറ്റക്കണ്ണന്റെ സിസർക്കട്ട്! ഗോൾ!

Print Friendly, PDF & Email

Leave a Comment