കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഡോ. ശശി തരൂര്‍ നടത്തുന്ന മലബാർ പര്യടനം ഞായറാഴ്ച കോഴിക്കോട്ട് ആരംഭിക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ജനമനസ്സുകളില്‍ ഇടം നേടുകയായിരുന്നു ശശി തരൂരിന്റെ ലക്ഷ്യം. അതിനിടെയാണ് കോഴിക്കോട്ടെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത്. ‘സംഘ് പരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാർ നടന്നു. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയാണ് പരിപാടി നടത്തുക.
ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവ ഇപ്പോൾ റദ്ദാക്കുമോ എന്ന് വ്യക്തമല്ല. തരൂരിന്റെ യാത്രയുമായി ആരും സഹകരിക്കേണ്ടതില്ലെന്ന അനൗദ്യോഗിക നിർദേശമാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്. ഐ ഗ്രൂപ്പിലെ അണികളെയാണ് ഇത് കൂടുതലായും അറിയിക്കുന്നത്. നാളെ മുതൽ മലബാറിലെ മൂന്ന് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തരൂരിന്റെ യാത്ര തകർക്കുകയാണ് ലക്ഷ്യം. തരൂരിനെ കാണാനെത്തുന്നവരോട് ഭാവിയിൽ കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും കിട്ടില്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.