ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശർമ്മ ഇന്ന് (നവംബർ 20 ഞായറാഴ്ച) പുലര്‍ച്ചെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു.
നടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായതായി ചൊവ്വാഴ്ച രാവിലെ ആശുപത്രി അധികൃതർ വിവരം മാധ്യമങ്ങൾക്ക് നൽകിയിരുന്നു. എന്നാല്‍, അവരുടെ നില ശരിക്കും ആശങ്കാജനകമായിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് നവംബര്‍ ഒന്നിനാണ് നടിയെ ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തി കട്ട പിടിച്ച രക്തം നീക്കം ചെയ്തു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. എന്നാൽ, നവംബർ 14 തിങ്കളാഴ്ച നടിക്ക് ഒന്നിലധികം ഹൃദയസ്തംഭനമുണ്ടായി.
ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നടി രണ്ടുതവണയാണ് അര്‍ബുദത്തെ അതിജീവിച്ചത്. തുടര്‍ന്ന് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചികിത്സയിലായിരുന്ന ഐന്‍ഡ്രിലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.