കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു.
വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു.
കെ.പി. കേശവ മേനോൻ ഹാളിൽ ‘സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിലാണ് ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അജ്ഞാത’ കാരണത്താൽ അത് ഒഴിവാക്കുകയായിരുന്നു.
ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന പേരിലുള്ള സാംസ്കാരിക കൂട്ടായ്മ പരിപാടിയുടെ പുതിയ സംഘാടകരായി രംഗത്തുവരികയും യൂത്ത് കോൺഗ്രസ് നിശ്ചയിച്ച അതേ വിഷയത്തിൽ അതേ വേദിയിൽ പരിപാടി നടത്തുകയും ചെയ്തു.
എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിൽ പങ്കെടുത്തിരുന്നു. വൈകീട്ടോടെയാണ് പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നത്. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം. പിന്നാലെയാണ് സംഘാടകർ മാറി പരിപാടി നടത്തുമെന്ന അറിയിപ്പ് വന്നത്.
എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനുകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടാൻ നടത്തിയ ശ്രമമാണ് പൊട്ടിയത്. എന്നാൽ, എം.കെ. രാഘവൻ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തു. ഇതോടെ തരൂർ അനുകൂലികളും എതിരാളികളും തമ്മിലെ പോര് മറനീക്കിയിരിക്കുകയാണ്. സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണ് യൂത്ത് കോൺഗ്രസ് പിന്മാറ്റത്തിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് നേതാക്കൾ മൗനം പാലിക്കുകയാണ്. തരൂരിന് ഏറെ അനുകൂലികളുള്ള തട്ടകമാണ് കോഴിക്കോട്.
മലപ്പുറം, കണ്ണൂർ ജില്ലകളിലെ മറ്റ് ഷെഡ്യൂൾ ചെയ്ത സെമിനാറുകളിൽ ആതിഥേയരുടെ റോളിൽ നിന്ന് ഐവൈസി നേതൃത്വം പിന്മാറിയിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാക്കളുടെ കാര്യത്തിലും ഏതാണ്ട് ഇതേ പ്രതികരണം തന്നെയായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരിപാടിയോടുള്ള നിഷ്പക്ഷ സമീപനത്തിനെതിരെ വിമർശനം ഉന്നയിച്ചു.
പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്നും സഹകരണമില്ലായ്മയെ കുറിച്ചും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്ക് പരാതി നൽകുമെന്ന് രാഘവൻ വ്യക്തമാക്കി. ആസൂത്രണം ചെയ്ത പരിപാടികളിൽ പങ്കെടുത്ത ശേഷം, രാഘവന്റെ നിലപാടിനെയും പാർട്ടിയുടെ ഉന്നത നേതാക്കളുമായും എഐസിസി നടപടികളുമായും ചർച്ച ചെയ്യാനുള്ള പദ്ധതിയെയും തരൂർ പിന്തുണച്ചു.