പാന്‍-ആധാര്‍ ലിങ്കിംഗ്: അടുത്ത വർഷം മുതൽ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്

നിങ്ങൾ പാൻ കാർഡ് ഉടമയാണെങ്കിൽ, അത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതൽ പ്രവർത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മുന്നറിയിപ്പ്.

2022 മാർച്ച് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ വരെ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ അനുമതി 2023-ഓടെ ഇല്ലാതാകും.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലൈ ഒന്നിന് പാൻകാർഡ് അനുവദിച്ചവർ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും. അതേസമയം, നിശ്ചിത തുക പിഴ അടച്ചാൽ വീണും ഇവ പ്രവർത്തനക്ഷമമാക്കാം എന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2) ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;

4) ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News