ന്യൂഡൽഹി: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കെയ്സിലാക്കി മധുര എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. 22-കാരിയായ മകളെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ആയുഷി ചൗധരി (22)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകൾ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. മകൾ രാത്രിയിൽ സ്ഥിരമായി പുറത്തെക്ക് പോകുന്നത് പിതാവ് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഫോൺ കോളുകൾ പിന്തുടരുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്താണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ടായിരുന്നു. ഛത്രപാൽ എന്ന മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതറിഞ്ഞ യാദവ് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം സ്യൂട്ട് കെയ്സിലാക്കി ഡല്‍ഹി-മധുര എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊഴിലാളികൾ അസാമാന്യ വലിപ്പമുള്ള സ്യൂട്കേസിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും മുറിവുകളും രക്തത്തിന്റെ പാടുകളുമുണ്ടായിരുന്നു. യു.പി സ്വദേശിയായ യാദവ് ജോലിയാവശ്യാർഥമാണ് മൂന്നു വർഷം മുമ്പ് ഡൽഹിയിലെത്തിയത്.