കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ സംഘടിച്ച് നീങ്ങുന്നില്ലെങ്കില്‍ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്ന് രാഷ്ട്രീയകിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
നവംബര്‍ 25ന് രാവിലെ 10.30ന് റബര്‍ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷകസംഘടനകളും എന്‍എഫ്ആര്‍പിഎസും സംയുക്തമായി നടത്തുന്ന റബര്‍ കര്‍ഷകമാര്‍ച്ചിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ കര്‍ഷകസംഘടനാ പ്രതിനിധികളുടെ നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി സാന്തോം കോളജ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ വിഘടിച്ച് അസംഘടിതരായി നില്‍ക്കുന്നതുകൊണ്ട് അവരുടെമേല്‍ എന്തുമാകാമെന്ന രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥനേതൃത്വങ്ങളുടെ ധാര്‍ഷ്ഠ്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇവര്‍ക്കെതിരെ വിരല്‍ ചൂണ്ടി സംസാരിക്കുവാനുള്ള ആര്‍ജ്ജവം കര്‍ഷകര്‍ക്കുണ്ടാകുമ്പോള്‍ മാത്രമേ കാര്‍ഷികമേഖലയ്ക്ക് രക്ഷപെടാനുള്ള വാതില്‍ തുറക്കൂ. പ്രാദേശിക തലത്തില്‍ മാത്രം കര്‍ഷകര്‍ സംഘടിച്ചിട്ട് ഇനിയുള്ള കാലം ഒന്നും നേടാനാകില്ല. പ്രാദേശിക കര്‍ഷകസംഘടനകള്‍ ദേശീയതല കൂട്ടായ്മയിലേയ്ക്ക് കടന്നുവരണം. റബര്‍പ്രതിസന്ധി ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുവാന്‍ കര്‍ഷകസംഘടനകള്‍ സഹകരിക്കണമെന്നും നവംബര്‍ 25ലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്കുള്ള കര്‍ഷകമാര്‍ച്ച് സൂചന മാത്രമാണെന്നും വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.
സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജില്ലാ ചെയര്‍മാന്‍ ജോസഫ് തെള്ളിയില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ റബര്‍ കര്‍ഷകമാര്‍ച്ച് വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ബേബിച്ചന്‍ ഏര്‍ത്തയില്‍, ജോജി വാളിപ്ലാക്കല്‍, പി. ജെ. ജോസഫ്കുഞ്ഞ്, റോജന്‍ സെബാസ്റ്റ്യന്‍, സിബി കളപ്പുര, തോമസ് ചുടലിയാങ്കല്‍, എന്‍എഫ്ആര്‍പിഎസ് പ്രതിനിധികള്‍, വിവിധ കര്‍ഷക സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.