ദോഹ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ച് സൗദി അറേബ്യയുടെ ആവേശം. മത്സരത്തിൽ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത പൊസിഷനിൽ നിന്നാണ് സൗദി അവിശ്വസനീയ വിജയം നേടിയത്. വിജയത്തോടെ സൗദി കോച്ച് ഹെർവ് റെയ്‌നാർഡും ടീമംഗങ്ങളും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. ഒരു എതിരാളിയെയും നിസ്സാരമായി കാണരുതെന്നാണ് ആരാധകരും കായിക എഴുത്തുകാരും പറയുന്നത്. ഇത്തരമൊരു വിലയിരുത്തൽ നടത്താൻ സൗദി ടീമിനെ പ്രാപ്തമാക്കിയതിന് പിന്നിൽ അൽ ഹിലാൽ എസ്എഫ്‌സി എന്ന ഒരു ക്ലബ്ബുണ്ട്.
ലോകോത്തര താരങ്ങളുള്ള അർജന്റീനയെ നേരിടാൻ സൗദി പ്രീമിയർ ലീഗിൽ മാത്രം കളിക്കുന്ന താരങ്ങൾ അടങ്ങുന്ന ടീമിനെയാണ് ഫ്രഞ്ചുകാരനായ റെയ്നാർഡ് ഇറക്കിയത്. അർജന്റീനിയൻ താരങ്ങൾക്ക് 645 മില്യൺ യൂറോയും സൗദി താരങ്ങൾക്ക് 25 മില്യൺ യൂറോയുമാണ് വിലയുള്ളത്. മാത്രമല്ല വിജയിച്ച ടീമിലെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ച ഒമ്പത് പേരും ഒരേ ക്ലബ്ബിൽ നിന്നാണ് വരുന്നത്. 1957ൽ രൂപം കൊണ്ട ക്ലബ് അൽ ഹിലാൽ എസ്എഫ്സിയില്‍ നിന്ന്. വലത് വിങ്ങിൽ കളിച്ച ഫിറാസ് അൽ-ബുറൈക്കനും, പ്രതിരോധ നിര താരം ഹസ്സൻ അൽ-തംബക്തിയും മാത്രമാണ് അൽ ഹിലാലിന് പുറത്തുനിന്ന് സൗദിയുടെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചത്. 26 അംഗ സ്‌ക്വാഡിൽ 11 താരങ്ങളാണ് അൽ ഹിലാലിൽ നിന്നുള്ളത്. പകരക്കാരനായി മുഹമ്മദ് അൽബുറൈക്കും എത്തിയതോടെ അൽ ഹിലാലിന്‍റെ പത്ത് താരങ്ങളും ഇന്ന് കളത്തിലിറങ്ങി.
1976ൽ രൂപം കൊണ്ട സൗദി പ്രീമിയർ ലീഗിൽ മുടങ്ങാതെ കളിക്കുന്ന ടീമാണ് അൽ ഹിലാൽ. ഇവർക്ക് പുറമെ നാല് ടീമുകൾക്കാണ് ഈ റെക്കോർഡ് അവകാശപ്പെടാനുള്ളത്. 18 തവണ ദേശീയ ലീഗ് വിജയിച്ചതോടെ മറ്റുള്ളവരേക്കാളും ഏറെ മുന്നിലാണ് അൽ ഹിലാൽ.
അനൗദ്യോഗികമായി അവർ ഇതിനകം നൂറോളം കിരീടങ്ങൾ നേടിയിട്ടുണ്ട്. കണക്കുപ്രകാരം 65 കിരീടങ്ങൾ! ഏഷ്യൻ ഫുട്ബോളിലെ ക്ലബ് മത്സരങ്ങളിൽ എട്ട് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. 4 തവണ എഫ്‌സി ചാമ്പ്യൻസ് ലീഗ്, 2 വീതം ഏഷ്യൻ കപ്പ്, ഏഷ്യൻ സൂപ്പർ കപ്പ് എന്നിവയാണ് അവരുടെ നേട്ടം.