ബംഗളൂരു: ഫെയ്സ്ബുക്കിലൂടെ പ്രണയം നടിച്ച് ചാറ്റിംഗിലൂടെ വിവാഹ വാഗ്ദാനം നൽകി യുവാവില്‍ നിന്ന് യുവതി 40 ലക്ഷം രൂപ തട്ടിയെടുത്തു. കർണാടകയിലെ വിജയപുരയിലാണ് സംഭവം.
ബഗലൂർ വില്ലേജിലെ താമസക്കാരനായ പരമേശ്വര്‍ ഹിപ്പാർഗിയാണ് യുവതിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പരമേശ്വറിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കെ ആർ മഞ്ജുള എന്ന ഫെയ്സ്ബുക്ക് ഐഡിയിൽ നിന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. റിക്വസ്റ്റ് സ്വീകരിച്ച് ഇരുവരും സുഹൃത്തുക്കളായി. പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യാൻ തുടങ്ങി. സൗഹൃദ സംഭാഷണമായി തുടങ്ങിയത് പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹാലോചനയിലേക്കും മാറുകയായിരുന്നു.
ഇതിനിടെ അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് പരമേശ്വറില്‍ നിന്ന് പണം ആവശ്യപ്പെട്ടു. മഞ്ജൂളയെ അന്ധമായി വിശ്വസിച്ച പരമേശ്വര്‍ ഓണ്‍ലൈനായി പണം അയച്ചുകൊടുത്തു. പിന്നീട് പലപ്പോഴായി അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും അമ്മ മരിച്ചുപോയെന്നും അമ്മയുടെ ശവസംസ്കാര ചടങ്ങിന് ആണെന്നുമൊക്കെ പറഞ്ഞ് ഇവര്‍ ഇയാളില്‍ നിന്ന് പലതവണകളായി പണം വാങ്ങിയെടുത്തു. ഇങ്ങനെ പല തവണയായി ഇയാളില്‍ നിന്നും മഞ്ജുള തട്ടിയത് 41,26,800 രൂപയാണ്.
ഇതിനിടയില്‍ താന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായും മഞ്ജുള ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. തനിക്ക് ബാംഗ്ലൂര്‍ ജില്ലാ കമ്മീഷണര്‍ ആയി നിയമനം ലഭിച്ചതായും ജോലിയില്‍ പ്രവേശിക്കാനായി അങ്ങോട്ട് പോകുകയാണെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു. ജോലിയില്‍ കയറിയ ശേഷം, താന്‍ വാങ്ങിയ പണം എല്ലാം ഒരുമിച്ച് തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാൽ താൻ വഞ്ചിക്കപ്പെടുകയാണെന്ന് പിന്നീട് പരമേശ്വര്‍ തിരിച്ചറിഞ്ഞു. ഇതോടെ സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.