തിരുവനന്തപുരം: കേരള സാംസ്കാരിക വകുപ്പ് 30-ാമത് ടെലിവിഷൻ അവാർഡുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. എൻട്രികളൊന്നും യോഗ്യത നേടാത്തതിനാൽ 2021ലെ അവാർഡ് ജൂറിക്ക് മികച്ച ടിവി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കേരള സംസ്ഥാന ടിവി അവാർഡുകൾ മികച്ച ടിവി സീരിയൽ വിഭാഗത്തിൽ അവാർഡ് പ്രഖ്യാപിക്കാത്തത്. വിഭാഗത്തിലേക്ക് പരിഗണിക്കാൻ യോഗ്യമായ സീരിയലുകൾ ഇല്ലെന്ന ജൂറിയുടെ പ്രസ്താവന കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. കൂടാതെ, മികച്ച ലേഖനത്തിനും അർഹമായ എൻട്രികൾ ഉണ്ടായിരുന്നില്ല.
വിനോദ വിഭാഗത്തിൽ ജനപ്രിയ കോമഡി ഷോയായ ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ മികച്ച ടിവി ഷോയ്ക്കുള്ള പുരസ്കാരം നേടി. അനീഷ് രവിയും മഞ്ജു പത്രോസും അഭിനയിച്ച ‘അളിയൻസ്’ മികച്ച കോമഡി ഷോയായി പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ, ‘മറിമായ’ത്തിലെ പ്രകടനത്തിന് നടൻ ഉണ്ണി രാജൻ മികച്ച ഹാസ്യ നടനായി. നടൻ ഇർഷാദ് കെ മികച്ച നടനായും നടൻ മണികണ്ഠൻ പട്ടാമ്പി മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ മികച്ച ടെലിവിഷൻ നടിക്കുള്ള അവാർഡ് നടി കാതറിനായിരുന്നു എന്നതാണ് ശ്രദ്ധേയം. സംവിധായകൻ കെ കെ രാജീവ്, നടി മഞ്ജു പത്രോസ് എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.
വിജയികളുടെ പൂർണ്ണമായ ലിസ്റ്റ്:
രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ.
പ്രത്യേക ജൂറി പരാമർശം: ലേഖനം: വാർത്തയും സത്യാന്വേഷണവും, രചയിതാവ്: ശ്യാംജി.
കഥാവിഭാഗം: മികച്ച ഒന്നാമത്തെയും രണ്ടാമത്തേയും ടെലി സീരിയലിൽ അവാർഡിന് അർഹമായ എൻട്രികളില്ല.
മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്): പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്), സംവിധാനം: ഫാസിൽ റസാഖ്.
മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്): അതിര് (പട്ടാമ്പി കേബിൾ വിഷൻ), സംവിധാനം: ഫാസിൽ റസാഖ്.
മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).
മികച്ച ടി.വി. ഷോ (എന്റർടെയിൻമെന്റ്): ഒരു ചിരി ഇരുചിരി ബമ്പർ ചിരി, നിർമ്മാണം: മഴവിൽ മനോരമ.
മികച്ച കോമഡി പ്രോഗ്രാം: അളിയൻസ് (കൗമുദി ടി.വി), സംവിധാനം: രാജേഷ് തലച്ചിറ.
മികച്ച ഹാസ്യാഭിനേതാവ്: ഉണ്ണിരാജൻ. പി, പരിപാടി: മറിമായം (മഴവിൽ മനോരമ).
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ആൺ, പെൺ വിഭാഗങ്ങളിൽ അർഹമായ എൻട്രികൾ ഇല്ല.
കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം: മഡ് ആപ്പിൾസ് (സെൻസേർഡ്), സംവിധാനം: അക്ഷയ് കീച്ചേരി.
മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം): ഫാസിൽ റസാഖ്, പരിപാടി: പിറ, അതിര്.
മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം): ഇഷാക്.കെ, പരിപാടി: പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്).
മികച്ച രണ്ടാമത്തെ നടൻ (ടെലി സീരിയൽ/ടെലിഫിലിം): മണികണ്ഠൻ പട്ടാമ്പി, പരിപാടി: വായനശാല (റോസ്ബൗൾ ചാനൽ).
മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം): കാതറിൻ, പരിപാടി: അന്ന കരീന (ഫ്‌ളവേഴ്‌സ് ചാനൽ).
മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ/ടെലിഫിലിം): ജോളി ചിറയത്ത്, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).
മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം): നന്ദിത ദാസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).
മികച്ച ഛായാഗ്രാഹകൻ: മൃദുൽ. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).
മികച്ച ദൃശ്യസംയോജകൻ: റമീസ്. എം.ബി, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).
മികച്ച സംഗീത സംവിധായകൻ: മുജിബ് മജീദ്, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).
മികച്ച ശബ്ദലേഖകൻ: വിനായക്. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).
മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽ, പരിപാടി: അശാന്തം (തൃശ്ശൂർ മീഡിയ വിഷൻ).
പ്രത്യേക ജൂറി പരാമർശം
സംവിധാനം: ക.കെ. രാജീവ്, പരിപാടി: അന്നകരീന (ഫളവേഴ്‌സ് ചാനൽ).
അഭിനയം: മഞ്ജു പത്രോസ്, പരിപാടി: അളിയൻസ് (കൗമുദി ടി.വി).
കഥേതര വിഭാഗം
മികച്ച ഡോക്യുമെന്ററി (ജനറൽ): അക്ഷരം പൂക്കാത്ത കാട്ടുചോലകൾ (മീഡിയ വൺ), സംവിധാനം: സോഫിയ ബിന്ദ്.
മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവയോൺമെന്റ്): ആനത്തോഴർ (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: കെ. അരുൺകുമാർ.
മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): തോരാക്കഥകളുടെ നാഞ്ചിനാട് (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: അനീഷ്. എം.ജി.
മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ): മുളഗീതങ്ങൾ (സ്വയംപ്രഭ ചാനൽ), സംവിധാനം: സജീദ് നടുത്തൊടി.
മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം: മഞ്ചാടി-ഉറുമ്പ്, കാക്ക (വിക്ടേഴ്‌സ് ചാനൽ), സംവിധാനം: ബി.എസ്. രതീഷ്).
മികച്ച ആങ്കർ (എഡ്യൂക്കേഷണൽ പ്രോഗ്രാം: അരൂജ. എം.വി, പരിപാടി: ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്‌സ് (കൈറ്റ് വിക്ടേഴ്‌സ്).
മികച്ച സംവിധായകൻ (ഡോക്യൂമെന്ററി): റാഫി ബക്കർ, പരിപാടി: അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്).
മികച്ച ന്യൂസ് ക്യാമറാമാൻ: കൃഷ്ണപ്രസാദ്. ആർ.പി, പരിപാടി: സത്രം ആദിവാസികളുടെ ദുരവസ്ഥ (ഏഷ്യാനെറ്റ് ന്യൂസ്).
മികച്ച വാർത്താവതാരകൻ: കെ.ആർ. ഗോപീകൃഷ്ണൻ, പരിപാടി: 24 വാർത്ത.
മികച്ച കോമ്പിയർ/ആങ്കർ (വാർത്തേതര പരിപാടി): പാർവതി കുര്യാക്കോസ്, സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്), അരവിന്ദ്. വി, അരസിയൽ ഗലാട്ട (24 ന്യൂസ്).
മികച്ച കമന്റേറ്റർ (Out of Vision): അനൂജ രാജേഷ്, പരിപാടി: വാർത്തകൾ (24 ന്യൂസ്).
മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്‌സ്): ജയമോഹൻ നായർ (മനോരമ ന്യൂസ്), ശരത് ചന്ദ്രൻ. എസ് (കൈരളി ടി.വി).
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: മുഹമ്മദ് അസ്ലം.എ, പരിപാടി: ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ് (മീഡിയാ വൺ).
മികച്ച ടി.വി. ഷോ (കറന്റ് അഫയേഴ്‌സ്): പരിപാടി: ഫ്യൂവൽ ഗം, നിർമ്മാണം (ഏഷ്യാനെറ്റ് ന്യൂസ്).
മികച്ച കുട്ടികളുടെ പരിപാടി: ഇ-ക്യൂബ് സ്റ്റോറീസ്-സ്‌റ്റേജ് ഫ്രൈറ്റ് (കൈറ്റ് വിക്ടേഴ്‌സ്), സംവിധാനം: ശ്രീജിത്ത്. സി.എസ്.
പ്രത്യേക ജൂറി പരാമർശങ്ങൾ
വിദ്യാഭ്യാസ പരിപാടി: മഞ്ചാടി (കൈറ്റ് വിക്ടേഴ്‌സ്) (പ്രശസ്തി പത്രവും ശില്പവും), രചന, അവതരണം: നേഹ ഡി. തമ്പാൻ.
ഡോക്യുമന്ററി (സയൻസ് & എൻവയോൺമെന്റ്): പരിപാടി: മൂന്നാം വളവ് (സെൻസേർഡ്), സംവിധാനം: ആർ.എസ്. പ്രദീപ് കുമാർ).
കഥാവിഭാഗത്തിൽ സിദ്ധാർത്ഥ ശിവ, കഥേതര വിഭാഗത്തിൽ ജി. സാജൻ, രചനാ വിഭാഗത്തിൽ കെ.ബി. വേണു എന്നിവർ നേതൃത്വം നൽകിയ ജൂറികളാണ് അവാർഡുകൾ തെരഞ്ഞെടുത്തത്. പ്രശസ്തി പത്രം, ശിൽപം, 10,000 രൂപ മുതൽ 20,000 രൂപ എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.