കടൽക്കൊലക്കേസ്: ബോട്ടുടമയ്ക്ക് ലഭിച്ച തുകയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും അഞ്ചുലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി. ബോട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടി രൂപയിൽ നിന്ന് ഈ തുക നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇറ്റാലിയൻ നാവികർ വെടിയുതിർത്തപ്പോൾ ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിന് പുറമേ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രണ്ട് കോടിയിൽ ഫ്രെഡിക്ക് 1.55 കോടിയും ബാക്കി തുക ഒമ്പത് മത്സ്യത്തൊഴിലാളികൾക്കും തുല്യമായി നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. രണ്ട് കോടി രൂപ തുല്യമായി വിഭജിച്ച് ഓരോരുത്തർക്കും ഇരുപത് ലക്ഷം വീതം ലഭിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

2012 ഫെബ്രുവരി 15നാണ് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ മലയാളികളടക്കം രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. എന്റിക്ക ലെക്‌സി എന്ന എണ്ണകപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന സല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് വെടിവെയ്പ്പില്‍ മരിച്ചത്. യാതൊരു മുന്നറിയിപ്പില്ലാതെയായിരുന്നു നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവെച്ചത് എന്നായിരുന്നു നാവികരുടെ വാദം.

 

Print Friendly, PDF & Email

Leave a Comment

More News