അല്‍ഐന്‍: യുവതിയുടെ സ്വകാര്യവിവരങ്ങൾ മോഷ്ടിച്ച് 1,49,000 ദിർഹം തട്ടിയെടുത്ത അഞ്ച് യുവാക്കളോട് പണം ഇരയ്ക്ക് തിരികെ നൽകാൻ കോടതിയുടെ ഉത്തരവ്.
അൽഐൻ സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് യുവതിയുടെ പണം തിരികെ നൽകാൻ അഞ്ചു പേരോടും ഉത്തരവിട്ടത്. തന്റെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിച്ച് ബാങ്കില്‍ നിന്ന് പിൻവലിച്ച 149,000 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തതായി കോടതി രേഖകളില്‍ പറയുന്നു.
ഒരു വ്യക്തി തന്നെ ഫോണിൽ വിളിച്ച് താനും സഹപ്രവർത്തകരും തനിക്ക് അക്കൗണ്ടുള്ള ബാങ്കിലെ ജീവനക്കാരാണെന്ന് പറഞ്ഞതായി യുവതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് വിവരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് തന്റെ സ്വകാര്യ വിവരങ്ങൾ നൽകിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് അവർ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 149,000 ദിർഹം പിൻവലിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.