ന്യൂയോർക്ക്: 2022 നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാര്‍ഷികത്തില്‍ ന്യൂയോര്‍ക്കിലെ 12E 65-ാം സ്ട്രീറ്റിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റേയും ദക്ഷിണേഷ്യന്‍ പ്രവാസികളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിരവധി പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
പാക്-ഐഎസ്ഐ ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് ലഷ്‌കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ ലോകശക്തികളോട് ഒന്നിക്കണമെന്ന് സംഘം ആഹ്വാനം ചെയ്തു. ‘പാകിസ്ഥാന്‍-ഭീകര രാഷ്ട്രം, ഞങ്ങള്‍ക്ക് നീതി വേണം, പാകിസ്ഥാന്‍ പരാജയപ്പെട്ട രാഷ്ട്രം, പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ (FATF Grey) ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത് തെറ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
അന്താരാഷ്ട്ര ഭീകരര്‍ക്ക് അഭയം നല്‍കാനുള്ള പാക്കിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം യുഎന്‍ പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ ചൈന വീറ്റോ അധികാരം ദുരുപയോഗം ചെയ്തതിനെതിരേയും പ്രതിഷേധമുയര്‍ന്നു. ഹൂസ്റ്റണ്‍, ചിക്കാഗോ, വാഷിംഗ്ടണ്‍, എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് മുന്നിലും ന്യൂജേഴ്സിയിലെ പാകിസ്ഥാന്‍ കമ്മ്യൂണിറ്റി സെന്ററിനു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
2008 നവംബര്‍ 26ന് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഇരയായവരുടെ ചിത്രങ്ങളും വീഡിയോയും പ്രദര്‍ശിപ്പിച്ച പ്രകടനങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സന്ദേശങ്ങളും ഉയര്‍ത്തിക്കാട്ടി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, കോണി ഐലന്‍ഡ്, ജാക്സണ്‍ ഹൈറ്റ്, ബ്രൂക്ലിന്‍ ഏരിയ എന്നിവിടങ്ങളിലും യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നിലും ഭീകരതയ്‌ക്കെതിരായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.