കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) ഞായറാഴ്ച കൊച്ചിയിൽ സംഘടിപ്പിച്ച ‘ഡീകോഡ്’ കോൺക്ലേവിൽ ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തരൂരിന് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണ തിരിച്ചറിഞ്ഞ് സതീശൻ ചുവടു മാറ്റി.
കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ തർക്കത്തിന് സതീശനെ കുറ്റപ്പെടുത്തിയതോടെ, തരൂരിനെതിരായ മുൻ ആക്രമണാത്മക നിലപാടിൽ നിന്ന് അദ്ദേഹം പിന്‍വാങ്ങി. പകരം, തന്നെ ഒരു ‘വില്ലൻ’ ആയി ചിത്രീകരിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
“ഞങ്ങൾ ഇരുവരും പരിപാടിയിൽ ഒരുമിച്ച് വേദി പങ്കിടുമെന്നും വിദ്വേഷത്തിന്റെ മറ്റൊരു കഥ മെനയാൻ അവർക്ക് അവസരം ലഭിക്കുമെന്നും മാധ്യമങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ നിർഭാഗ്യവശാൽ തരൂരിന്റെ സെഷൻ രാവിലെയും എന്റേത് വൈകുന്നേരവും ആയിരുന്നു. ഞാനും തരൂരും എതിർദിശയിലേക്ക് നോക്കുന്ന ഒരു ദൃശ്യം മാധ്യമങ്ങൾ തിരയുകയായിരുന്നു,” സതീശൻ കോൺക്ലേവിൽ സമാപന സമ്മേളനത്തിൽ പറഞ്ഞു.
രാവിലത്തെ സെഷനിൽ, താനും സതീശനും തമ്മിലുള്ള വഴക്കിനെക്കുറിച്ച് ഒന്നും പറയാതിരിക്കാൻ തരൂരും ജാഗ്രത പാലിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത എംപി ഹൈബി ഈഡൻ, എംഎൽഎ മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥൻ, എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ എന്നിവർ തരൂരിനെ പ്രശംസിച്ചു.
തരൂര്‍ കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഹൈബിയും ശബരിനാഥനും തുറന്ന് പിന്തുണച്ചത് ഇവിടെ ശ്രദ്ധേയമാണ്. രാഷ്ട്രീയത്തെ ഫുട്ബോളുമായി താരതമ്യപ്പെടുത്തി കുഴൽനാടൻ പറഞ്ഞു, “ഫുട്ബോളിൽ ഐക്യമാണ് പ്രധാനം. ഗോളടിക്കുന്ന കളിക്കാർ ഫുട്ബോളിൽ താരങ്ങളാകുന്നു. എന്നാൽ, പോസ്‌റ്റ് കാക്കാൻ ഉചിതമായ ഒരു ഗോൾ കീപ്പർ നമുക്കുണ്ടെന്ന് ഉറപ്പാക്കണം. കോൺഗ്രസിൽ പാർട്ടി പ്രവർത്തകർ ഗോൾ കീപ്പർമാരാണ്.”
അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും നേതാക്കളിൽ നിന്ന് ഉണ്ടാകരുത്. മാറ്റങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസ് വളരണം. ചിലർ അതിനിടയിൽ ഫൗളുകൾ ചെയ്തേക്കാം. തെറ്റുകൾ പ്രതിപക്ഷത്തിനെതിരെ ചെയ്യണം,” അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന് പക്വത കാണിക്കാത്തതിൽ യുവ നേതാക്കൾ അതൃപ്തിയിലാണെന്ന് പിന്നീട് കുഴൽനാടൻ പറഞ്ഞു. തന്റെ നിരാശ മറച്ചുവെക്കാതെ, നേതൃത്വം അവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നും എല്ലാവരേയും വിശ്വാസത്തിലെടുക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിയുടെ സാധ്യതകളെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തരൂരിനെ കോൺഗ്രസ് അഴിച്ചുവിടണമെന്ന് ഹൈബി ഈഡൻ പറഞ്ഞു. “ഇന്ത്യക്ക് തരൂരിനെ വേണം. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പണം നൽകുന്നവരുണ്ട്. വിദേശ പര്യടനത്തിന് പോകുമ്പോൾ തരൂരിനെക്കുറിച്ച് ചോദിക്കാറുണ്ട്. അദ്ദേഹം ലോകമെമ്പാടുമുള്ള ഒരു ജനപ്രിയ വ്യക്തിയാണ്, ”അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ തരൂർ തനിക്ക് ഒരു റഫറൻസ് പോയിന്റാണെന്ന് ശബരിനാഥൻ പറഞ്ഞു. “തരൂർ എലൈറ്റ് വിഭാഗത്തിന് വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്ന തെറ്റായ വിവരണമുണ്ട്. അത് മാറണം. പാർട്ടിയിൽ നെഹ്‌റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകങ്ങൾ എഴുതിയ ഏക വ്യക്തി അദ്ദേഹമാണെന്നോര്‍ക്കണം.
ഈ മാർച്ചിൽ രാജ്യസഭയിലേക്ക് ആദ്യം പരിഗണിച്ച ശ്രീനിവാസൻ കൃഷ്ണൻ, തരൂരിനെ പാർട്ടി വിവിധ തലങ്ങളിൽ ഉപയോഗിക്കണമെന്ന് പറഞ്ഞു. തരൂരിനെപ്പോലൊരു നേതാവിന് രാജ്യത്തിനും സംസ്ഥാനത്തിനും സംഭാവന നൽകാൻ കഴിയുമെന്നും ശ്രീനിവാസൻ പറഞ്ഞു.
കോൺഗ്രസിൽ വിവാദമുണ്ടാക്കില്ലെന്ന് തരൂർ
കോൺഗ്രസിൽ വിവാദമുണ്ടാക്കിയിട്ടില്ലെന്നും പാർട്ടിയിൽ തനിക്ക് ആരുമായും ഭിന്നതയില്ലെന്നും ശശി തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭാ മണ്ഡലമായ നോർത്ത് പറവൂരിൽ സുഹൃത്തിന്റെ ദന്തൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തരൂർ. ആരോടും സംസാരിക്കുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും താൻ കിന്റർഗാർട്ടൻ വിദ്യാർത്ഥിയല്ലെന്നും എംപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് അച്ചടക്ക സമിതിയുടെ കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് ക്ഷണിച്ചതിന്‍ പ്രകാരമാണ് താൻ പരിപാടിക്ക് എത്തിയതെന്നും തരൂർ പറഞ്ഞു. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ (ഡിസിസി) അറിയിക്കാറുണ്ടെന്നും എന്നാൽ സ്വകാര്യ ചടങ്ങുകൾ ഡിസിസികളെ അറിയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.