മലപ്പുറം: ക്രൈസ്തവ – മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് ഒഴിവാക്കിയ നടപടി ന്യൂനപക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം പറമ്പിൽ പീടികയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കോളർഷിപ്പിന് വേണ്ടി എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ തികച്ചും ന്യൂനപക്ഷ വിരുദ്ധമായ തീരുമാനം പ്രഖ്യാപിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷന്റെ നിർദ്ദേശം നിഗൂഢമായ താല്പര്യങ്ങളുടെ പുറത്തായിരുന്നു എന്നാണ് മനസ്സിലാകുന്നത്.
കേന്ദ്ര ഫാസിസ്റ്റ് സർക്കാറിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്കോളർഷിപ്പ് തടസ്സപ്പെടുത്തുന്നതിലൂടെ ബോധ്യപ്പെടുന്നത്. സവർണ സമൂഹത്തിന് മാത്രമായി അധികാരവും വിദ്യാഭ്യാസവും പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതര സമൂഹങ്ങളുടെ അവകാശത്തെ കേന്ദ്രസർക്കാർ കവർന്നെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ബജറ്റുകളിലും ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ തുക വെട്ടിച്ചുരുക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും അരുംകൊല ചെയ്ത് രാജ്യത്ത് ഏകാധിപത്യത്തിന് ശ്രമിക്കുന്ന ആർഎസ്എസ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കാസർകീഴ് പറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ സി ആയിഷ, എസ് ഇർഷാദ്, കൃഷ്ണൻ കുനിയിൽ, ജ്യോതിവാസ് പറവൂർ, തസ്നീം മമ്പാട്, ബന്ന മുതുവല്ലൂർ, റംല മമ്പാട്, ജസീം സുൽത്താൻ, നസീറ ബാനു, എൻ പി അബ്ദുറഹ്മാൻ, റഹീം ഒതുക്കുങ്ങൽ, ശ്രീനിവാസൻ എടപ്പറ്റ, രജിത മഞ്ചേരി, അഷ്റഫ് വൈലത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ മുനീർ കാരക്കുന്ന് സംസാരിച്ചു. വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ എന്നിവർ സമ്മേളന പ്രമേയം അവതരിപ്പിച്ചു. സുഭദ്ര വണ്ടൂർ സ്വാഗതവും സാജിദ് സി എച്ച് നന്ദിയും പറഞ്ഞു.