റാഞ്ചി : 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് രക്ഷിതാക്കളുടെ ഇടപെടലില്ലാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മുസ്ലീം വ്യക്തിനിയമത്തെ പരാമർശിച്ച് ജാർഖണ്ഡ് ഹൈക്കോടതി.
തന്റെ സമുദായത്തിലെ 15 വയസ്സുകാരിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ട് കോടതി ഇക്കാര്യം പറഞ്ഞത്.
എഫ്‌ഐആറിൽ ബിഹാറിലെ നവാഡ സ്വദേശിയായ മൊഹമ്മദ് സോനു (24) ജാർഖണ്ഡിലെ ജംഷഡ്പൂര്‍ ജുഗ്‌സലായിൽ 15 വയസ്സുള്ള മുസ്ലീം പെൺകുട്ടിയെ വശീകരിച്ച് വിവാഹം കഴിച്ചുവെന്നാണ് ആരോപണം. പെൺകുട്ടിയുടെ പിതാവ് ഫയൽ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് സോനു ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുകയും റദ്ദാക്കൽ ഹർജിയുമായി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.
എന്നാൽ, വിവാഹത്തിന് എതിർപ്പില്ലെന്ന് പെൺകുട്ടിയുടെ പിതാവ് വാദത്തിനിടെ ബോധിപ്പിച്ചു. തന്റെ മകൾക്ക് “അനുയോജ്യമായ ഒരു ജോഡിയെ സംഘടിപ്പിച്ചതിന്” അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട്, “ചില തെറ്റിദ്ധാരണകൾ കാരണം” സോനുവിനെതിരെ എഫ്ഐആർ ഫയൽ ചെയ്യേണ്ടി വന്നുവെന്ന് പിതാവ് പറഞ്ഞു.
രണ്ട് കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചതായി പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം സോനുവിനെതിരായ എഫ്‌ഐആറും ക്രിമിനൽ നടപടികളും റദ്ദാക്കാൻ ജസ്റ്റിസ് ദ്വിവേദി ഉത്തരവിട്ടു.
മുസ്ലീം പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമ ബോർഡാണ്. ഈ പ്രത്യേക കേസിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിക്ക് 15 വയസ്സുണ്ടെന്നും അവൾ തിരഞ്ഞെടുത്ത വ്യക്തിയെ അവൾക്ക് വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ബുധനാഴ്ച വിധിയിൽ പറഞ്ഞു.