റിയാദ്: സൗദി അറേബ്യയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പ്രവാസികൾ പണം അയക്കുന്നത് കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ 1,124 കോടി റിയാലാണ് പ്രവാസികള്‍ അവരവരുടെ രാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്.
ഈ വർഷം ഫെബ്രുവരിയിൽ വിദേശികൾ 1120 കോടി റിയാൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചു. എന്നാൽ, അതിന് ശേഷം കഴിഞ്ഞ മാസമാണ് വിദേശ പണമയക്കല്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലം12,980 കോടി റിയാല്‍ വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദേശികൾ അയച്ച പണത്തിൽ 714 കോടി റിയാലിന്റെ കുറവുണ്ടായി. സൗദി അറേബ്യയിലെ വിദേശികളുടെ ജനസംഖ്യ ഒരു കോടിയോളം വരും. ഇവരിൽ 28 ലക്ഷം ഇന്ത്യക്കാരാണ്.