തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം ദുരുപയോഗവും ചെയ്യുകയും ബിജെപി നേതാക്കളോട് സർക്കാർ കാണിക്കുന്ന അടിച്ചമർത്തൽ നയവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ കത്തെഴുതി. ബിജെപി നേതാക്കൾ നൽകിയ നിവേദനത്തെ ആസ്പദമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 10ന് അയച്ച കത്താണ് പുറത്തായത്.
മഞ്ചേശ്വരത്ത് അപര സ്ഥാനാർഥി കെ സുന്ദരനെ തട്ടിക്കൊണ്ടു പോയ കേസും കൊടകര കുഴല്‍ പണ കേസും ഉൾപ്പെടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിലെ പൊലീസ് നടപടിയാണ് ബിജെപി നേതാക്കളെ രാജ്ഭവനിലെത്തിച്ചത്. ജൂൺ ഒമ്പതിന് ഗവർണറെ കണ്ട ബിജെപി നേതാക്കള്‍ നിവേദനവും നൽകി.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എംഎല്‍എ ഒ രാജഗോപാല്‍, സംസ്ഥാന നേതാക്കളായ വിവി രാജേഷ്, എസ് സുരേഷ്, പി സുധീര്‍ എന്നിവര്‍ ഒപ്പുവച്ച നിവേദനത്തിന്റെ പകര്‍പ്പും കത്തിനൊപ്പം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.
നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും, ഉപദ്രവിക്കാനും രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റ അടിച്ചമര്‍ത്തല്‍ സമീപനമാണ് കേസുകള്‍ എന്നാണ് ആരോപണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെയാണ് കത്ത് പുറത്ത് വരുന്നത്. അതേസമയം, ലഭിക്കുന്ന പരാതികൾ സർക്കാരിന് കൈമാറുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും കേസുകൾ പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു.