കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്ക് നൽകുന്ന സഹായ വിതരണത്തിന്റെ ജില്ലയിലെ ഒന്നാംഘട്ട വിതരണോദ്ഘാടനവും അമൃതശ്രീ സംഗമവും അമൃത സർവകലാശാലാ മൈതാനത്ത് നടന്നു. എ.എം. ആരിഫ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. മറ്റു സ്വാശ്രയസംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരോരുത്തരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും അവർക്ക് ജീവിത്തിൽ വഴികാട്ടിയാകാനും മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ട്.
സ്ത്രീകളുടെ ചെറിയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾ വളർന്നു വലുതാകുന്നതോടെ കൂടുതൽ സ്ത്രീകളിലേക്ക് സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാന്ത്വനം തേടി തന്റെ അടുത്തെത്തുന്നവർക്ക് സ്‌നേഹത്തോടൊപ്പം അവർക്ക് ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്വാമി ജ്ഞാനാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ. രംഗനാഥൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ രണ്ടാം ഘട്ട സഹായവിതരണം ഡിസംബർ 4 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. അമൃതശ്രീ സ്വയംസഹായസംഘങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും പ്രവർത്തന മൂലധനമായി 30,000 രൂപ വീതം മാതാ അമൃതാനന്ദമയി മഠം എല്ലാ വർഷവും നൽകുന്നുണ്ട്.