അബുദാബി: വർണാഭമായ പരിപാടികളോടെ യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ദേശഭക്തി ഗാനങ്ങളും പരമ്പരാഗത കലാരൂപങ്ങളും അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്ന വേളയില്‍ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളും ആവേശത്തോടെ സ്വദേശികൾക്കൊപ്പം ചേരുന്നു.
വിവിധ എമിറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങൾ ദേശീയ ദിനം ആഘോഷിച്ചു. കൂടാതെ, ഘോഷയാത്രകൾ, കരിമരുന്ന് പ്രയോഗങ്ങൾ, സംഗീതം, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഇന്നു മുതൽ അവധിയായതിനാൽ ഇന്നലെ ഇന്ത്യൻ സ്കൂളുകളിൽ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കുന്നുണ്ട്. ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യം അറബ് മേഖലയിൽ നേട്ടങ്ങളുടെ കൊടുമുടിയിലാണ്.
രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിൽ ലോകത്തിന് മാതൃകയാകാൻ യുഎഇയ്ക്ക് കഴിഞ്ഞു. ബഹിരാകാശത്തും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലും പ്രതിരോധ മേഖലയിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. വികസനത്തിന്റെ പുതിയ യുഗത്തിലാണ് യുഎഇ മുന്നേറുന്നതെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ ജനങ്ങൾക്കൊപ്പം മലയാളികളടക്കമുള്ള ഇന്ത്യക്കാരും ഇതിൽ അഭിമാനിക്കുന്നു.
ലോക രാജ്യങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നിരവധി പദ്ധതികളിൽ യുഎഇ മാതൃകയാണ്. ഊർജം, ബഹിരാകാശം, വിവര സാങ്കേതിക വിദ്യ, ആശയവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പദ്ധതികളുടെ കുത്തൊഴുക്ക് കാണാം. ഊര്‍ജ മേഖലയില്‍ ആശങ്കഉയര്‍ത്തി അസ്ഥിരത നിലനില്‍ക്കുമ്പോള്‍ പാരമ്പര്യേതര ഊര്‍ജം എന്ന ആശയം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ യുഎഇ മുന്നോട്ടുവച്ചു. ഈ രംഗത്ത് ഏറ്റവും മികച്ച പദ്ധതികളും സാങ്കേതികവിദ്യകളുമുള്ള രാജ്യമായി മാറാന്‍ കഴിഞ്ഞു. സ്വന്തം നിലയ്ക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ സൗജന്യമായി പാരമ്പര്യേതര ഊര്‍ജപദ്ധതികള്‍ നടപ്പാക്കിയും യുഎഇ മാതൃകയാകുകയാണ്. നിക്ഷേപത്തിന് ഏറ്റവും യോജിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ലോകബാങ്ക് വർഷങ്ങൾക്ക് മുൻപ് തന്നെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ കരുത്ത് തെളിയിക്കാനും യുഎഇക്ക് കഴിയുന്നുണ്ട്. എണ്ണയിതര മേഖല ശക്തമായ വാർഷിക വളർച്ച രേഖപ്പെടുത്തി. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ശതമാനം വരുന്നത് എണ്ണ ഇതര മേഖലയിൽ നിന്നാണ്.
ദുബായില്‍ 2050 വരെയുള്ള കാലയളവിനെ മൂന്നു ദശകങ്ങളായി തിരിച്ച് ഊര്‍ജമേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെയും പ്രകൃതിവിഭവങ്ങളെയും നശിപ്പിക്കാതെയുള്ളസാമ്പത്തികവികസനാണ് വിഭാവനം ചെയ്യുന്നത്. ലോകത്ത് കാര്‍ബണ്‍മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമാക്കി ദുബായിയെ മാറ്റുകയെന്നതും ലക്ഷ്യമാണ്. ഇതര എമിറേറ്റുകളിലും പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ഇന്ന് മുതൽ ഡിസംബര്‍ 4 വരെ അവധിയാണ്. ഡിസംബർ 5 ന് മാത്രമേ ഓഫീസുകൾ തുറന്ന് പ്രവര്‍ത്തനമാരംഭിക്കൂ. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും അനുസ്മരണ ദിനത്തിലും ദേശീയ ദിനത്തിലും ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിട്ടുണ്ട്.