വാഷിംഗ്ടണ്‍: യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) രഹസ്യ നിരീക്ഷണത്തിന്റെ വ്യാപ്തി തുറന്നുകാട്ടിയ മുൻ യുഎസ് ഇന്റലിജൻസ് കോൺട്രാക്ടർ എഡ്വേർഡ് സ്നോഡൻ റഷ്യയോട് കൂറ് പുലർത്തുന്നതായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന് റഷ്യൻ പാസ്‌പോർട്ട് ലഭിക്കുകയും ചെയ്തതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2013 ലാണ് 39 കാരനായ മുൻ ഇന്റലിജൻസ് കരാറുകാരനായിരുന്ന സ്നോഡന്‍ രേഖകൾ ചോർത്തിയ ശേഷം, അമേരിക്കയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കടന്നത്. കുറച്ചുകാലം അവിടെ താമസിച്ചതിനുശേഷം 2013 ജൂണില്‍ റഷ്യയിലേക്ക് കടന്നു. അവിടെ രാഷ്ട്രീയാഭയം തേടിയ സ്നോഡന്‍ ഒരു റഷ്യൻ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
2022 സെപ്തംബറിൽ വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തിന് റഷ്യൻ പൗരത്വം നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനറ്റോലി കുചെറേന പറഞ്ഞു.
“അദ്ദേഹം തീർച്ചയായും സന്തോഷവാനാണ്., തനിക്ക് പൗരത്വം ലഭിച്ചതിന് റഷ്യൻ ഫെഡറേഷനോട് നന്ദി പറയുന്നു. ഏറ്റവും പ്രധാനമായി, റഷ്യയുടെ ഭരണഘടന പ്രകാരം, അദ്ദേഹത്തെ ഇനി ഒരു വിദേശ രാജ്യത്തേക്ക് കൈമാറാൻ കഴിയില്ല,” അനറ്റോലി പറഞ്ഞു.
അദ്ദേഹത്തിന് സ്ഥിര താമസം അനുവദിച്ച് ഒരു മാസത്തിന് ശേഷം സ്‌നോഡനും ഭാര്യയും 2020 നവംബറിൽ റഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.
“ഇത് ഇപ്പോഴും ക്രിമിനൽ അന്വേഷണ വിഷയമാണ്,” വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് ക്രിമിനൽ വിചാരണ നേരിടാൻ സ്നോഡൻ അമേരിക്കയിലേക്ക് മടങ്ങണമെന്ന് യുഎസ് അധികൃതര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യാപകമായ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്ന രഹസ്യ ഫയലുകൾ ചോർത്തി അമേരിക്കയിൽ നിന്ന് പലായനം ചെയ്ത സ്നോഡന്‍ അമേരിക്കയിൽ തിരിച്ചെത്തിയാൽ 30 വർഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.