ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഒന്നിലധികം തവണ ബലാത്സംഗത്തിനിരയായ 30 കാരിയായ യുവതി നീതിക്കായി അപേക്ഷിച്ച് വെള്ളിയാഴ്ച കോടതി വളപ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയ ഉദ്യോഗസ്ഥർ അവരെ രക്ഷപ്പെടുത്തി. ബെർഹാംപൂരിലെ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിജെഎം) കോടതിയിലാണ് സംഭവം.
യുവതി മണ്ണെണ്ണ ഒഴിച്ചയുടൻ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ രശ്മി രഞ്ജൻ ദാസ് യുവതിയെ തടഞ്ഞുനിർത്തി രക്ഷിച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ ബിഎൻ പുർ പോലീസ് സ്‌റ്റേഷനിൽ അൽപനേരം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് താൻ ആദ്യമായി ബലാത്സംഗത്തിനിരയായതെന്നാണ് വിവാഹിതയായ യുവതിയുടെ പരാതി. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം ഈ വർഷം നവംബർ 14 ന് പ്രതി സുഹൃത്തുമായി ചേർന്ന് ഇരയെ വീണ്ടും ബലാത്സംഗം ചെയ്തു.
പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തെങ്കിലും തന്നെ ബലാത്സംഗം ചെയ്യുമ്പോൾ വീടിന് കാവൽ നിന്ന സുഹൃത്തിനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഹൈദരാബാദില്‍ ജോലി സ്ഥലത്താണ്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാൾ ഭാര്യക്ക് പണം അയച്ചിരുന്നത്.