കോഴിക്കോട്: പണം തിരിമറിക്കേസില്‍ പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നറിയിപ്പ് നൽകി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത്. പണം തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്കിന് രണ്ട് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ കോഴിക്കോട് ജില്ലയിൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പി മോഹനൻ അറിയിച്ചു. എന്നിട്ടും തീരുമാനമെടുത്തില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുള്ള ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മോഹനന്‍ പറഞ്ഞു.
അതേസമയം, കൂടുതല്‍ അക്കൗണ്ടുകളില്‍ നിന്നും ബാങ്ക് മാനേജര്‍ റിജില്‍ പണം തട്ടിയെടുത്തിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിനിടെ എല്ലാ ബാങ്കുകളുടെയും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇടപാടുകള്‍ വിശദമായ പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അക്കൗണ്ട്‌സ് വിഭാഗത്തിനോട് നിർദേശം നൽകി. നഷ്ടപ്പെട്ട പണം ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും പഞ്ചാബ് നാഷണല്‍ ബാങ്കിന് കത്ത് നല്‍കി.
ബാങ്കിന്റെ ചെന്നൈയിലെ റീജിയണൽ ഓഫീസിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്. നിലവിൽ രണ്ട് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് ബാങ്ക് കോർപറേഷനെ അറിയിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ ബാങ്ക് മാനേജർ പി.വി. റിജിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.