തിരുവനന്തപുരം: നടൻ കെഎസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ ഇന്ന് (ശനിയാഴ്ച) അന്തരിച്ചു. 67 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
അമേച്വർ തിയേറ്ററിലൂടെ തുടങ്ങിയ മികച്ച ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം തന്റെ ആദ്യ നാടകം എഴുതിയത്. അന്തരിച്ച പ്രശസ്ത സംവിധായകൻ ജഗതി എൻ കെ ആചാരിയുടെ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ നാടക ജീവിതത്തിലെ ഒരു നാഴികക്കല്ല് . പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരത്തെ പ്രമുഖ നാടക സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നു.
1979-ൽ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1996 ൽ ദില്ലിവാല രാജകുമാരനിൽ തുടങ്ങി സംവിധായകൻ രാജസേനനൊപ്പം എട്ട് സിനിമകൾ ചെയ്തു.
ആകെ 200-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു ഹാസ്യനടൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ജനപ്രീതി നേടിയതെങ്കിലും ഗൗരവമേറിയ കഥാപാത്രങ്ങളെ അത്ര അനായാസമായി അവതരിപ്പിച്ചിരുന്നു.
സീരിയൽ താരം ഗിരിജയാണ് ഭാര്യ. ദമ്പതികൾക്ക് ഹരികൃഷ്ണൻ എന്ന ഒരു മകനുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് ജനിച്ചത്. സിനിമാ നടൻ എന്ന ലേബൽ തനിക്ക് നല്കിയ ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്.
ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ. സ്കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.
കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ഹാസ്യവും സീരിയസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.