കണ്ണൂർ: പത്തു വർഷമായി ചെറുതാഴം പഞ്ചായത്ത് പട്ടേരിച്ചാലിലെ കർഷക കൂട്ടായ്മ ജൈവപച്ചക്കറി കൃഷിയിൽ മികച്ച മുന്നേറ്റം നടത്തുന്നു. പ്രതിവർഷം ശരാശരി 15 ടൺ പച്ചക്കറികളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്.
ഏഴ് ഏക്കറിൽ 50 അംഗ സംഘം അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് കൃഷിയിറക്കുന്നത്. ഒരേക്കറിൽ ചീരയും ബാക്കി വെണ്ട, കക്കിരി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളുമുണ്ട്. എല്ലാ സീസണിലും കൃഷി ചെയ്യാറുണ്ട്. പിണറായിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ മികച്ച കർഷക സംഘത്തിനുള്ള പുരസ്കാരം ഇവര്‍ക്ക് ലഭിച്ചു.
വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലും പ്രദേശത്തെ കടകളിലും പുറച്ചേരി കേശവതീരം ആയുർവേദാശുപത്രിയിലേക്കുമാണ് നൽകുന്നത്. എന്നാൽ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നവരാണ് കൂടുതലും. കോഴി വളവും ചാണകവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനാവശ്യമായ മൂലകങ്ങളും ചേർത്ത് കൊടുക്കും. നാടൻ രീതിയിലുള്ള കൂവലുകളിൽ നിന്നാണ് വിളകൾക്ക് നനക്കുന്നത്. ജലസേചനത്തിന് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
തരിശായി കിടക്കുന്ന സ്ഥലങ്ങളിലെ കൃഷിക്ക് കൃഷിവകുപ്പ് ഹെക്ടറിന് 40000 രൂപ സബ്സിഡി നൽകിയിരുന്നു. കൃഷിവകുപ്പ്
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് രോഗ-കീടബാധ തടയുന്നതിനും വിള പരിപാലനത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.