തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതിയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി അശ്വതിയാണ് അന്ന് പൊള്ളലേറ്റ് മരിച്ചത്. പോലീ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തി. എന്നാൽ, ഇപ്പോൾ അശ്വതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമ്പത് വർഷം മുൻപാണ് അശ്വതിയെ പൊള്ളലേറ്റ നിലയിൽ ഭർത്താവ് രതീഷിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്ന് രതീഷിന്റെ കൈകളില്‍ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സംശയം പ്രകടിപ്പിരുന്നു. രതീഷിന്റെ കൈകളില്‍ പൊള്ളല്‍ ഭാര്യയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് രതീഷ് മൊഴി നൽകിയിരുന്നു.
എന്നാല്‍, അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പഴയ ഫയലുകൾ പരിശോധിച്ച് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രതീഷിനെ ചോദ്യം ചെയ്തപ്പോള്‍ രതീഷ് തന്നെയാണ് അശ്വതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് സമ്മതിച്ചു. അതിനിടെയാണ് കൈകള്‍ക്ക് പൊള്ളലേറ്റതെന്നും ഇയാൾ പറഞ്ഞു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങൾ വന്നത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വഴിത്തിരിവായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാൽ, ഇതു പോലീസ് വിശ്വസിച്ചിരുന്നില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പൊലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു. ഇതിനിടെ രതീഷിനെ നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു അയാൾ സമ്മതിച്ചിരുന്നില്ല.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിക്കുകയും സംഭവം എങ്ങനെയാണ് നടന്നതെന്ന് പുന:സൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുന:സൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർ വിലയിരുത്തി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റുചെയ്തത്.
പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.