തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്ക് കോടതി ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു. 1.65 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
2018 മാർച്ച് 14 ന് പോത്തൻകോട്ട് ആയുർവേദ ചികിത്സയ്ക്കായി എത്തിയ ലാത്വിന്‍ യുവതിയെ കാണാതാവുകയായിരുന്നു. 35 ദിവസത്തിനു ശേഷം കോവളത്തിനടുത്തുള്ള പൊന്തക്കാട്ടില്‍ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. പ്രതികൾ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.