പട്ന: ബീഹാറിലെ സമസ്തിപൂരിലെ പ്രമുഖ ജ്വല്ലറി കൊള്ളയടിച്ച പത്തോളം വരുന്ന കവർച്ചക്കാർ ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി രക്ഷപ്പെട്ടു.
സമസ്തിപൂരിലെ മോഹൻപൂർ നാക്കു ചൗക്കിൽ സ്ഥിതി ചെയ്യുന്ന ‘ഹീര ജ്വല്ലേഴ്സി’ൽ എത്തിയ ഒരു സ്ത്രീ ഉൾപ്പെടെയുള്ള കവർച്ചക്കാർ എല്ലാ ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചത്.
ഉപഭോക്താവായി ഒരു സ്ത്രീ കടയിൽ വന്നിരുന്നതായി കടയിലെ ജീവനക്കാർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അവര്‍ സിഗ്നല്‍ നല്‍കിയപ്പോഴാണ് ഒരു ഡസനോളം വരുന്ന കൊള്ളക്കാർ കടയിൽ അതിക്രമിച്ച് കയറി എല്ലാവരെയും തോക്ക് ചൂണ്ടി അകത്തേക്ക് കൊണ്ടുപോയതെന്ന് പറയുന്നു.
കവർച്ചക്കാർ ചില ജീവനക്കാരെ മർദ്ദിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. സിസിടിവിയുടെ ഡിജിറ്റൽ വീഡിയോ റെക്കോഡറും അക്രമികള്‍ എടുത്തുകൊണ്ടുപോയി.
“ഞങ്ങൾ മുഫാസിൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്,” സമസ്തിപൂർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജ്വല്ലറി ഉടമയുടെ പക്കൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് പോലീസിന് കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം സമസ്ത്പൂരിലെ ‘ഭോല ടാക്കീസ്’ ഉടമ മധുലിക സിംഗിന്റെ വീട്ടിൽ നിന്ന് ആയുധധാരികളായ പത്തോളം പേർ 30 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിച്ചു. തോക്കിന് മുനയിൽ ഒരു മണിക്കൂറോളം മോഷ്ടാക്കൾ മധുലിക സിംഗിനെ ബന്ദിയാക്കിയാണ് കൊള്ളയടിച്ചത്.