കോട്ടയം: അക്ഷര നഗരിയിൽ അക്ഷര മ്യൂസിയത്തിന് നിലമൊരുക്കൽ തുടങ്ങി. നാട്ടകത്ത് ഇന്ത്യാ പ്രസിന്റെ സ്ഥലത്ത് 25,000 ചതുരശ്ര അടി കെട്ടിടമാണ് മ്യൂസിയത്തിനായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കെട്ടിട നിർമാണ കരാർ നൽകിയത്. വിവിധ തട്ടുകളായുള്ള സ്ഥലം ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മണ്ണ് നീക്കുന്നതിനൊപ്പം ഫൗണ്ടേഷൻ പൈലിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്.
സഹകരണ മന്ത്രി വി.എൻ. വാസവൻ മ്യൂസിയത്തിന് ഫെബ്രുവരിയില്‍ തറക്കല്ലിട്ടെങ്കിലും മ്യൂസിയം നിർമാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. അതാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതിനിടെ പദ്ധതിയിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ രജിസ്ട്രാറുടെ നിർദേശപ്രകാരം സാങ്കേതിക സമിതി ടീമിനെ നിയോഗിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.
ഇനിയൊരു ആശയക്കുഴപ്പത്തിന് ഇടവരുത്താതെയാണ് വീണ്ടും നിർമ്മാണജോലികൾ നടക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ നാലേക്കർ സ്ഥലത്ത് അക്ഷര-ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയം പണിയാൻ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഒരു പുസ്‌തകം തുറന്നുവച്ച മാതൃകയിലാകും കെട്ടിടം ഉയരുക.
പത്തു കോടിയോളം രൂപ നിശ്ചയിച്ച് നാല് ഘട്ടമായിട്ടായിരിക്കും അക്ഷര മ്യൂസിയം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃകാ പ്രദർശനം എന്നിവ മ്യൂസിയത്തിൽ ഒരുക്കും. ഇതിനുള്ള പ്രാചീന ലിപികൾ അടക്കം ശേഖരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മൺമറഞ്ഞ എഴുത്തുകാരുടെ പ്രസംഗങ്ങൾ അവരുടെ ശബ്‌ദത്തിൽ കേൾക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. വെർച്വൽ റിയാലിറ്റി സംവിധാനത്തോടെ അവരുമായി സംവദിക്കാം. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട പുരാവസ്‌തു പുരാരേഖകളുടെ വിപുലമായ ശേഖരണം, സംരക്ഷണം, ഡിജിറ്റൽ /ഓഡിയോ, ലൈബ്രറി ഓഡിയോ വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്‌സ് ആംഫി തിയേറ്റർ, വിപുലമായ പുസ്‌തക ശേഖരം, സുവനീർ ഷോപ്പ് പുസ്‌തകങ്ങളുടെ ആദ്യ പതിപ്പുകൾ, ആർക്കൈവിംഗ്, എപ്പിഗ്രഫി, മ്യൂസിയോളജി, വിവിധ ഗവേഷണ വിഷയങ്ങളിൽ.
തകഴി, ബഷീർ, കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം എന്നിവരുടെ മെഴുക് പ്രതിമകളും സ്ഥാപിക്കും. കവിത, ഗദ്യം, വൈജ്ഞാനിക സാഹിത്യം എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കാനും പദ്ധതിയുണ്ട്.