കുവൈറ്റ് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്കുള്ള തൊഴിൽ വിസ സസ്‌പെൻഡ് ചെയ്തതിനെതിരെ പുതിയ തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ല. രാജ്യത്തേക്ക് വരുന്ന ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ഇബി 5 വിസ (തൊഴില്‍ വിസ) നൽകുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഈജിപ്തിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ മിനിമം ശമ്പളവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച വ്യവസ്ഥകളോടുള്ള പ്രതികരണമായാണ് ഇത്, അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്ഷ്യൻ എംബസി ഏർപ്പെടുത്തിയ നിബന്ധനകൾ കാരണം കഴിഞ്ഞ സെപ്തംബർ മുതൽ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്താൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടിരുന്നു.
ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് ഈജിപ്തുകാർ.
കുടുംബ വിസയിൽ ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് എത്തുന്നവർക്ക് കഴിഞ്ഞ ദിവസം കുവൈത്ത് എംബസി വിസാ സ്റ്റാമ്പിംഗ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി കൂട്ടിയിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളിലെയും ഇലക്ട്രോണിക് തൊഴിൽ ശേഷി സംവിധാനം നിർത്തലാക്കുകയും ചെയ്തിരുന്നു.
ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി വച്ച വിവരം പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസം മുതൽ നടപ്പിലാക്കിയ ഈ നടപടി തുടരും എന്നാണ് റിപ്പോർട്ടിലുള്ളത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ സെപ്തംബർ മാസം മുതൽ നടപടി തുടങ്ങിയത്. ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.