ഒഡീഷ: അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യ പൂർത്തിയാക്കി. ഡിസംബർ 16ന് ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ പരീക്ഷണം. ബംഗാൾ ഉൾക്കടലിനെ വിമാനം പറക്കൽ നിരോധിത മേഖലയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്ര റീജിയണിൽ (ഐഒആർ) ചൈനീസ് ഗവേഷണ കപ്പലിന്റെ സാന്നിധ്യത്തെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ യുവാൻ വാങ് 5 ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വീണ്ടും പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. നോർവീജിയൻ കമ്പനിയായ മാരിടൈം ഒപ്റ്റിമയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുവാൻ വാങ് 5 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യൻ ദ്വീപായ ജാവയുടെ തീരത്തേക്ക് നീങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
ആൻഡമാൻ നിക്കോബാർ മേഖലയിൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് എയർലൈനുകൾക്കും മറ്റ് വ്യോമയാന മേഖലകൾക്കും ഇന്ത്യ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് കപ്പലിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്.
അഗ്നി-വി മിസൈൽ
5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ വരെ വളരെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ദീർഘദൂര ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-V. ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും ഈ മിസൈലിന് എത്താൻ കഴിയും.
ഇതിന് പരമാവധി 5,000 കിലോമീറ്റർ ദൂരപരിധിയാണ് അവകാശപ്പെടുന്നതെങ്കിലും, 8,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ കഴിയുമെന്നാണ് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ആണവ ശേഷിയുള്ള അഗ്നി-V മിസൈലിന് ഏകദേശം 1,500 കിലോഗ്രാം ഭാരവും 50,000 കിലോഗ്രാം വിക്ഷേപണ ഭാരവുമുണ്ട്. രാജ്യത്തെ ഏറ്റവും ശക്തമായ മിസൈലുകളിൽ ഒന്നായി അഗ്നി-V മാറുന്നു എന്നതാണ് പ്രതീക്ഷ.
1989-ൽ, ഏകദേശം 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്നി-1-ന്റെ ആദ്യ പരീക്ഷണത്തോടെയാണ് ഇന്ത്യ അഗ്നി മിസൈൽ പരമ്പര തുടങ്ങിയത്. അക്കാലത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ്, മുൻ സോവിയറ്റ് യൂണിയൻ, ചൈന, ഫ്രാൻസ്, ഇസ്രായേൽ എന്നിവയ്ക്ക് മാത്രമേ ഐആർബിഎം സാങ്കേതികവിദ്യ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം, ഡിആർഡിഒ ലാബുകളും അതിനായി പ്രവർത്തനമാരംഭിച്ചു. എന്നാൽ ഇന്ത്യയുടെ അഗ്നി വി പരീക്ഷണം ചെൈനയ്ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ മഹാ സമുദ്രത്തിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.
ഉപഗ്രഹങ്ങളെയും ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിനെയും (ICBM) ട്രാക്കുചെയ്യാൻ സഹായിക്കുന്ന ചാരകപ്പലാണ് ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചിരിക്കുന്നത്. യുവാൻ വാങ് ക്ലാസിലെ നാല് സജീവ കപ്പലുകളിൽ ഒന്നാണ് ഈ ചാര ഗവേഷണ കപ്പൽ.
അഗ്നി-വിക്ക് 5,000 കിലോമീറ്റർ പ്രഖ്യാപിത ദൂരപരിധിയുണ്ട്, ഇത് ചൈനയിലേക്കും പതിക്കാൻ തക്ക ശക്തിയുള്ളതാണ് എന്ന ആശങ്കയാണ് ചൈനയെ പിടികൂടിയിരിക്കുന്നത്. ഡിസംബർ 16 ന് പരീക്ഷണം നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും സമയത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ മാസം 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3 മിസൈൽ പരീക്ഷിച്ചപ്പോൾ സമയം മാറ്റിയിരുന്നു.
എല്ലാ രാജ്യങ്ങൾക്കും അവരുടെ കപ്പലുകൾ അന്താരാഷ്ട്ര സമുദ്രത്തിൽ സഞ്ചരിക്കാൻ അനുവാദമുണ്ട്. അതുകൊണ്ടാണ് പിഎൽഎയുടെ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സിന്റെ ഭാഗമായ ചൈനീസ് ചാരക്കപ്പലിനെ തടയാൻ ഇന്ത്യക്ക് സാധിക്കാത്തത്. ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈലുകളും ട്രാക്ക് ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ദൗത്യം. വിവരങ്ങൾ ശേഖരിക്കുന്നതിനും സമുദ്രശാസ്ത്ര ഭൂപടങ്ങൾ എടുക്കുന്നതിനുമായി ചൈനീസ് കപ്പലുകളും പതിവായി ഇന്ത്യൻ മഹാസമുദ്രം സന്ദർശിക്കുന്നു.