ലുധിയാന (പഞ്ചാബ്): കാമുകനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ യുവതിയെ 12 ദിവസത്തിന് ശേഷം ലുധിയാനയിലെ ജാഗ്രോണിൽ ബുധനാഴ്ച പൊലീസ് ഫാമിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ നാല് പേരെ ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം എവിടെയാണെന്ന് അവര്‍ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
യുവതിയുടെ കാമുകൻ പരംപ്രീത് സിംഗ്, സഹോദരൻ ഭാവ്പ്രീത് സിംഗ്, സുഹൃത്ത് ഏകംജോത്, മറ്റൊരു കൂട്ടാളി ഹർപ്രീത് എന്നിവരാണ് അറസ്റ്റിലായത്. നവംബർ 24 നാണ് പണവും സ്വർണ്ണാഭരണങ്ങളുമായി യുവതി വീട്ടിൽ നിന്ന് ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ സുധാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ലുധിയാന റേഞ്ച് ഐ.ജി ഡോ. കൗസ്തുഭ് ശർമയുടെ അഭിപ്രായത്തിൽ, “മരിച്ച ജസ്പീന്ദർ എന്ന യുവതിക്ക് പരംപ്രീതുമായി ബന്ധമുണ്ടായിരുന്നുവെന്നും, കുടുംബാംഗങ്ങൾ അവരുടെ പരാതിയിൽ സൂചിപ്പിച്ചതുപോലെ പണവും ആഭരണങ്ങളുമായി അയാളെ വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്നിറങ്ങിയത്. ജസ്പീന്ദർ എത്തിയപ്പോൾ പരംപ്രീതിന്റെ വീട്ടിൽ വെച്ച് അയാളും സഹോദരനും ചേർന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ജസ്പീന്ദറിനെ ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം സുധാർ കനാലിൽ ഉപേക്ഷിക്കാനായിരുന്നു പ്ലാന്‍. എന്നാൽ, കനാലില്‍ ആഴം കുറഞ്ഞതിനാൽ അവർ മൃതദേഹം പുറത്തെടുത്ത് രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. പക്ഷേ അവർ പരാജയപ്പെട്ടു. അവസാനം, ഒരു കുതിര ചത്തുവെന്നും അതിനെ കുഴിച്ചിടണമെന്നും പറഞ്ഞ് ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്റ്റഡ് ഫാമിൽ അവർ ജെസിബി വിളിച്ച് ജസ്പീന്ദറിന്റെ പാതി കത്തിയ മൃതദേഹം കുഴിച്ചിട്ടു,” ശർമ്മ പറഞ്ഞു.
യുവതിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.