കണ്ണൂർ: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതുജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം കാലങ്ങളായി ലഭിക്കുന്നുണ്ടെന്നും ചീഫ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ രാജീവ് ലോചൻ പറഞ്ഞു.
സാരമായ കരൾ രോഗം മൂലം ബുദ്ധിമുട്ടിയ രണ്ടു രോഗികൾക്കും ആറുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദാതാക്കളെ ലഭിച്ചത്. തങ്ങളുടെ കുടുംബത്തിലെ അത്താണികളായ നിർധനരായ രോഗികൾക്ക് പലപ്പോഴും രോഗം മൂലം ജീവിതോപാധികൾ തേടാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്, മണിപ്പാൽ ഹോസ്പിറ്റൽസ് ഹെപ്പറ്റോ പാൻക്രിയാറ്റോബിലിയറി, ലിവർ ട്രാൻസ്പ്ലാൻറ് സർജനായ ഡോ. ലോഹിത് ഷെട്ടി രാജു പറഞ്ഞു.
ഇവർക്ക് പുറമേ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ ബി വി തന്ത്രി, ഡോ സുരേഷ് ഷേണായി, ഡോ സന്ദീപ് ഗോപാൽ, ഡോ അനുരാഗ് ഷെട്ടി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളായ ഡോ വിദ്യ എസ് ഭട്ട്, ഡോ രഞ്ജിത്ത് റാവു, അനസ്തേഷ്യോളജിസ്റ്റുകളായ ഡോ. സുമേഷ് റാവു (വകുപ്പ് മേധാവി), ഡോ. രാധിക, ഡോ. മധുസൂദൻ ഉപാദ്യയും സംഘവും ക്രിട്ടിക്കൽ കെയർ മെഡിസിൻ അംഗങ്ങളായ ഡോ ദത്താത്രേയ് എ പ്രഭു (വകുപ്പ് മേധാവി) വും സംഘവും റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായ ഡോ. സന്തോഷ് റായ്, ഡോ. കീർത്തിരാജ് ബിയും സംഘവും, ഫിസിയോ തെറാപ്പിസ്റ്റുകളായ ഡോ. വിജയ് പ്രതാപ്, പാരാമെഡിക്കൽ സ്റ്റാഫ്, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർമാർ മുതലായവരാണ് ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത്.
മദ്യപാനം, ഡയബറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി യും സി യും മൂലമുണ്ടാകുന്ന വൈറൽ ഇൻഫെക്ഷൻ, ജനിതകവും ഉപാപചയപരവുമായ കാരണങ്ങൾ മൂലമുണ്ടാകുന്ന കരൾ രോഗങ്ങളുടെ അവസാന ഘട്ടത്തിൽ നിൽക്കുന്ന രോഗികൾക്കാണ് സാധാരണയായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നതെന്നും മണിപ്പാൽ ഹോസ്പിറ്റൽസ് ഇത്തരത്തിലുള്ള രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും വ്യത്യസ്ത ചികിത്സ മാർഗ്ഗങ്ങളും നൽകുന്നുവെന്ന് മംഗലാപുരത്തെ കെഎംസി ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി മേധാവിയായ ഡോ ബി വി തന്ത്രി അഭിപ്രായപ്പെട്ടു. തീരപ്രദേശ മേഖലയിലുള്ള ആളുകൾക്ക് അവയവദാനത്തെ പറ്റിയുള്ള അവബോധം വർധിക്കുകയാണെന്നും അപകടങ്ങളിൽ മരണം സംഭവിച്ച രോഗികളുടെ ബന്ധുക്കൾ അവയവദാനം ചെയ്യുന്നതിന് വേണ്ടി മുന്നോട്ടുവരുന്നതിലൂടെ മറ്റൊരു രോഗിയുടെ പുതുജീവന് വഴിയൊരുക്കുമെന്നും മണിപ്പാൽ കസ്തൂർബ ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻറോളജി മേധാവി ഡോ ഷിരൺ ഷെട്ടി പറഞ്ഞു.
പ്രഗൽഭരും പരിചയസമ്പത്തുമുള്ള ഗ്യാസ്ട്രോ സർജന്മാർ, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, അനസ്തേഷ്യോളജിസ്റ്റുകൾ, തീവ്രപരിചരണ വിദഗ്ധർ, നഴ്സിംഗ്, ട്രാൻസ്പ്ലാൻറ് കോ-ഓർഡിനേഷൻ ടീം മുതലായവരുടെ സംഘമാണ് മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിൽ കരളുമായി ബന്ധപ്പെട്ട എല്ലാതരത്തിലുള്ള ചികിത്സയും ഒരുക്കുന്നത്. സംസ്ഥാന ട്രാൻസ്പ്ലാൻറ് ബോർഡിന് കീഴിൽ പരിശീലനം ലഭിച്ചിട്ടുള്ള ജീവനക്കാർക്ക് ജീവസാർത്ഥകഥേ കർണാടക എന്ന സംഘടയുടെ പിന്തുണയുമുണ്ടെന്ന് കെഎംസി ഹോസ്പിറ്റൽ റീജിയണൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഗീർ സിദ്ദിഖി പറഞ്ഞു. കരൾ ചികിത്സയുമായി ബന്ധപ്പെട്ട് തീരപ്രദേശ മേഖലയിലെ ജനങ്ങൾക്ക് വേണ്ടി മികച്ച ഡോക്ടർമാരെയും ജീവനക്കാരെയും അണിനിരത്തിയുള്ള മെഡിക്കൽ ടീമാണ് മംഗളുരു കെ എം സി ഹോസ്പിറ്റൽ ഒരുക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയുടെ കീഴിൽ 800 ഓളം വിജയകരമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടന്നിട്ടുള്ളത്.