(പുന്നയൂര്‍ക്കുളം സാഹിത്യ സമതിയില്‍ അവതരിപ്പിച്ചത്)
മോശയുടെ വഴികള്‍ എന്ന നോവലിന്റെ പിറവി എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് കേവലം യാതൃച്ഛികം എന്നു പറയമോ… ഏതാണ്ട് അങ്ങനെ തന്നെ എന്നു പറയുമ്പോഴുണ്ടാകുന്ന ആത്മവഞ്ചന തരുന്ന സുഖവും നുകര്‍ന്ന് വേണമെങ്കില്‍ എനിക്ക് നിങ്ങളെ കബളിപ്പിക്കാം. എന്നാല്‍ അതില്‍ കുറെ ശരിയുണ്ട്. ബൈബിള്‍ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ് മോശ. നാല്പതു വര്‍ഷം നീണ്ട മരൂഭൂമി യാത്രയില്‍, മോശ ഒരു ജനതയെ നയിക്കുന്നതായി വായിക്കുന്നു. ആ വംശപരമ്പരയില്‍ പെട്ടവരാണ് പിന്നെ യിസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചത്. അതിലെ ന്യായം എനിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിലും, പണ്ട് യഹോവ പാലും തേനും ഒഴുകുന്ന ഒരു ദേശം നിനക്ക് അവകാശമായി തരും എന്ന അബ്രഹാമിനോടു വാഗ്ദാനം ചെയ്തു എന്ന ന്യായത്തിന്മേല്, എവിടെന്നോ എന്തെന്നോ അറിയാത്ത ഒരു നാട്ടിലേക്ക് ഒരു ജനക്കൂട്ടത്തെയും വഹിച്ചുകൊണ്ടുള്ള ആ പുറപ്പാടിനുള്ള മോശയുടെ ചങ്കൂറ്റത്തെ എന്നും ആദരവോടെ ഞാന്‍ വായിക്കാറുണ്ട്. എന്നാല്‍, മോശയെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പകരം ബൈബിളിലെ മുഖ്യ കഥാപാത്രമായ ജീസസിനെക്കുറിച്ച്, ദൈവികനായവന്റെ മാനുഷിക വശത്തെക്കുറിച്ച് എന്തെങ്കിലുംഎഴുതണം എന്നത് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ബാല്യകാലത്തെക്കുറിച്ചോ കൗമാര കാലത്തെക്കുറിച്ചോ ബൈബിളില്‍ അധികമൊന്നും ഇല്ലന്നിരിക്കെ ഒരു എഴുത്തുകാരന്റെ ഭാവനയില്‍, ആ കാലവും, അവിടുത്തെ ജീവിതവും എങ്ങനെ ആയിരുന്നിരിക്കാം എന്ന് ചിന്തിച്ച് ഒത്തിരിയേറെ ഭാവന നെയ്തു എന്നല്ലാതെ ഒന്നും നടന്നില്ല.
ഒരോ ആഴ്ചയിലും ചര്‍ച്ചില്‍ ചെല്ലുമ്പോള്‍ ക്രിസ്തു ഉള്ളില്‍ ഇരുന്ന് കുത്തിക്കുത്തി ചോദിക്കുന്നു; “നീ കണ്ടില്ലെ ഇവരെല്ലാം കൂടി എന്നെ എവിടെയാണു കുടിയിരുത്തിയിരിക്കുന്നതെന്ന്. ഇവരില്‍ നിന്നും എന്നെ വീണ്ടെടുത്ത് ഒരു പച്ചയായ മനുഷ്യനാക്കൂ….” ഞാനും ക്രിസ്ത്യുവും ഒന്നിച്ചു ചിരിക്കും. എന്നെങ്കിലും ഞാന്‍ അങ്ങയെ വീണ്ടെടുക്കും എന്നു പറയുമ്പോഴും, അറിവില്ലാത്തവന്റെ ആത്മനൊമ്പരം ക്രിസ്തു തിരിച്ചറിയുന്നുണ്ടാകും എന്ന് ചിന്തിച്ച് സമാധാനിച്ചു. യാത്രകളും, പുതിയ ഭൂപ്രദേശങ്ങള്‍ കാണുന്നതും ഏറെ ഇഷ്ടമാണെങ്കിലും ജീവിത പ്രയാസങ്ങളില്‍ എല്ലാം നാളത്തേക്കു മാറ്റിവെച്ചുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കെയാണ് ഹോളി ലാന്റ് കാണാനുള്ള യാത്രാസംഘത്തോടൊപ്പമുള്ള ഒരു യാത്ര തരപ്പെട്ടത്. മോശയുടെ യാത്രാപഥത്തിലൂടെ ക്രിസ്തുവില്‍ എത്തിച്ചേരുക എന്ന ക്രമത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
ഈജിപ്റ്റിലെ നൈല്‍ നദിയില്‍ നിന്നുമാണ് ഒന്നാം ദിവസം തുടങ്ങിയത്. നൈലില്‍ കൂടിയുള്ള ഒന്നാം ദിവസം തന്നെ വ്യക്തതയില്ലാത്ത ചരിത്രകാലത്തിലൂടെയാണു യാത്രയെന്നു ബോദ്ധ്യമായി. ഇവിടെ എവിടെയോ ആയിരുന്നു മോശയെ കണ്ടെത്തിയത്. രാജകൊട്ടാരം ആ ഭാഗത്തെവിടെയോ ആയിരുന്നു. ഇത്തരം ചൂണ്ടിക്കാട്ടലില്‍ കാലവും ചരിത്രവും എവിടെയോ മറഞ്ഞിരുന്നു. പിരമിഡുകളുടെ മുറ്റത്തു നിന്ന് കാലത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും, അധികം വെളിച്ചമൊന്നും വീണു കിട്ടിയില്ല. പിന്നീടുള്ള യാത്രയില്‍ നൈല്ക്കരയില് എനിക്കു നഷ്ടമായ മോശയെ ഞാന്‍ തിരഞ്ഞെങ്കിലും എങ്ങും കണ്ടില്ല. മോശ ഈജിപ്റ്റില്‍ നിന്നും പുറപ്പെട്ട്, മാറായില്‍ എത്തി കടല്‍ മുറിച്ചുകടന്ന് അപ്പുറത്തു പാളയം അടിച്ചു എന്നു പറയുന്ന സ്ഥലത്ത്, മോശാസ് ക്രീക്ക്, അല്ലെങ്കില്‍ മോശയുടെ ഉറവ, മോശയുടെ താഴ്വര എന്നൊക്കെ പറയുന്ന ഒരു സ്ഥലം കണ്ടതൊഴിച്ചാല്‍ മോശ ഒരു ചരിത്ര പുരുഷനെന്നടയാളപ്പെടുത്തുന്നതൊന്നും കാണിച്ചു തരാനോ, കണ്ടെത്താനോ കഴിഞ്ഞില്ല എന്ന നിരാശയില്‍, യരുശ്ലേമില് എത്തി ക്രിസ്തുവിനെ നോക്കിഎങ്ങും കണ്ടില്ല. വീണ്ടും ചൂണ്ടിക്കാട്ടല്‍. അവിടെയായിരുന്നു, ഇവിടെയായിരുന്നുന്നൊക്കെ… ആ കണ്ടെത്തലുകള്‍ക്കു മുകളില്‍ മതം സ്ഥാപിച്ച അധികാരക്കൊട്ടാരങ്ങളില് മനസ് നൊന്തതെയുള്ളു. തിരികെ പോരുമ്പോള്‍ മനസ്സില്‍ വലിയ നിറവൊന്നുമില്ലായിരുന്നുവെങ്കിലും, ഗൈഡും, ടൂര്‍ ഓര്‍ഗനൈസറായ അച്ചനും പറഞ്ഞതൊക്കെ കുറിച്ചെടുത്തിരുന്നു. തീരെക്കുറഞ്ഞത് ഒരു യാത്ര വിവരണമെങ്കിലും എഴുതാമല്ലോ എന്നു കരുതി.
ന്യൂയോര്‍ക്കില്‍ വന്ന് നോട്ടുകള്‍ എടുത്തു നോക്കിയപ്പോഴാണ് അനേകം ഇണങ്ങാത്ത കണ്ണികള്‍ കൂട്ടിയിണക്കിയുള്ള ഒരു യാത്രയുടെ യാത്രാവിവരണം എങ്ങനെ എഴുതും എന്ന ചിന്തയില്‍ അമര്‍ന്നിരുന്നു പോയത്. എങ്കിലും യാത്രാവിവരണമായി തുടങ്ങി പിന്നെ വഴിമാറിപ്പോയി. അതിനെക്കുറിച്ച് പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. കെ.ആര്. ടോണി പറയുന്നു: ‘എഴുത്തുകാരന് പറയുന്നത് താനിതൊരു യാത്രാവിവരണമായാണ് എഴുതിത്തുടങ്ങിയത് എന്നാണ്. എന്നാല്‍, പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍ഗ്ഗാത്മക വന്ന് കുളംകലക്കി…കഴീഞ്ഞു!
ഡോ. ടോണി പറയുന്നപോലെ ബൈബിളിലെ പഴയ നിയമ പുസ്തകത്തിന്റെ പുനര്‍വായനയും, മോശയില്‍ സ്ഥാപിച്ചെടുത്ത ദൈവികതയും പൊളിച്ചെഴുതി മാനുഷികനായ ഒരു മോശയെ പുനര്സൃഷ്ടിക്കാനുള്ളഒരു ശ്രമമാണിവിടെ നടത്തിയിട്ടുള്ളത്. ദൈവികനായ മോശ ചെയ്തു എന്നു പറയുന്ന എല്ലാ അത്ഭുതങ്ങളും മനുഷ്യനായ മോശ ചെയ്യുന്നുണ്ടെന്നു മാത്രമല്ല സന്ദര്‍ഭങ്ങള്‍ യുക്തിഭദ്രമാക്കാനും ശ്രമിക്കുന്നുണ്ട്. യുക്തിയുടെ അടിത്തറയില്‍ കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഏതൊരാളും വേദപുസ്തകത്തെ പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചുപോകും. എന്നിരുന്നാലും, അടിസ്ഥാന പ്രമാണങ്ങളായി നമ്മുടെ മുന്നിലുള്ള വേദവാക്യങ്ങളെ തീരെ നിരാകരിക്കാനും പറ്റില്ല എന്നതുകൊണ്ടാണ്, ബൈബിളിലെ പല കഥകളും യുക്തിക്കു നിരക്കുന്നതല്ലെങ്കിലും ഈ പുസ്തകത്തിന്റെ രചനക്കായി ഉപയോഗിച്ചിട്ടുള്ളത്.
ഈ പുസ്തക രചനയിലെ ഏറ്റവും വലിയ വെല്ലുവിളി മോശയെ പഴയ അച്ചില്‍തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒരു പുതുമുഖം എങ്ങനെ നല്‍കാം എന്നുള്ളതായിരുന്നു. മോശയിലെ പച്ചയായ മനുഷ്യനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ വീണ്ടും പഴയ നിയമ പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചു. എന്നിട്ടും പൂര്‍ണ്ണനായ ഒരു മോശയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ എനിക്ക് ആ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതായി വന്നെങ്കിലും അതു മുഴച്ചു നില്ക്കാതിരിക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. സാറാ എന്ന മോശയുടെ കൂട്ടുകാരിയിലൂടെ മോശയെന്ന മുനുഷ്യനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. സാറ ബൈബിളില്‍ ഇല്ലാത്ത ഒരു കഥാപാത്രമാണെന്ന്, ബൈബിളിനെ നന്നായി വായിച്ചിട്ടില്ലാത്തവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുമോ എന്തോ… മരുഭൂമിയിലെ യാത്രയില്‍ മോശയിലെ സന്ദേഹിയും, ഭീരുവും തലപൊക്കുമ്പോഴോക്കെ സാറ എന്ന കഥാപാത്രം അവനെ പിടിച്ചുയര്‍ത്തുന്നുണ്ട്. ഈ കഥയിലെ എനിക്കേറെ പ്രീയപ്പെട്ട കഥാപാത്രം സാറയാണ്. അതുപോലെ മറ്റൊരു വെല്ലുവിളി മോശയേയും കൂട്ടരേയും കടല്‍ കടത്തി എങ്ങനെ അക്കരെയെത്തിക്കും എന്നുള്ളതായിരുന്നു. അവര്‍ ശരിക്കും മാറായി എന്നു പറയുന്ന ഭാഗത്തായിരുന്നുവോ കടല്‍ മുറിച്ചുകടന്നത്… ആ ഭുപ്രദേശം കണ്ടെതില്‍ നിന്നും അങ്ങനെ തോന്നിയില്ല. പിന്നെ കടല്‍ എന്നു പറയുമ്പോള്‍ നമ്മുടെ സങ്കല്പത്തിലെ കടല്‍ ആയിരിക്കില്ല. പാറക്കൂട്ടങ്ങള്‍ക്കിടയിലെ അല്പം വീതിയുള്ള ഒഴുക്ക് എന്നു മനസ്സിലാക്കിയാല്‍ മതിഎന്ന് തോന്നുന്നു. ഏതായാലും വളരെ വീതി കുറഞ്ഞ ഒരു കടലിടുക്കിലെ പാറക്കൂട്ടങ്ങളെ ഭൂമി കുലുക്കത്താല്‍ ഇടിച്ചിട്ട് കടല്‍ കടക്കാന്‍ മോശക്ക് വഴിയൊരുക്കിയതും സാറയാണ്. ഞങ്ങളുടെ യാത്രയുടെ ഗൈഡായി യാത്ര ഒരുക്കിയ വൈദീകന് കാണിച്ചു തന്ന, മോശ കടല്‍ കടന്നു എന്നു പറയുന്ന ഭാഗം തന്നെയായിരിക്കില്ല മറ്റു യാത്രികര്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പിന്നീട് പലരിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ കാഴ്ചപ്പാടില്‍ സാറയാണു ശരി. സീനായി മലയില്‍ കയറിയ മോശ കല്പലകകളില് നിയമങ്ങള്എഴുതുന്നത് എങ്ങനെ എന്നു ചിന്തിക്കുന്നവര്‍ക്കു വേണ്ടി, മോശ ഫറവൊന്റെ കൊട്ടാരത്തില്‍ എഴുത്തും വായനയും പഠിച്ചിട്ടുണ്ടാകാം എന്ന ന്യായമേ സാറക്കൊപ്പം എനിക്കും പറയാന്‍ പറ്റു.
മോശ എങ്ങനെ എവിടെ വെച്ചു മരിച്ചുഎന്ന് ബൈബിള്‍ പറയുന്നതായി കാണുന്നില്ല. വാഗ്ദത്ത ഭൂമി ദൂരെ നിന്ന് ചൂണ്ടിക്കാണിച്ചു എന്നു പറയുന്നുണ്ടെങ്കിലും അവിടെ പ്രവേശിക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട്… മോശ ഒരു പരാജിതന് ആയിരുന്നുവോ… ബൈബിള്‍ എഴുതിയവര്‍ മോശയെ അവരുടെ ഗോത്ര മഹിമയിലേക്ക് ചേര്‍ത്തിരുന്നില്ല എന്നുവേണം കരുതുവാന്‍. മോശ പല വംശത്തില്‍ നിന്നും ഭാര്യമാരെ എടുത്തിരുന്നു എന്നതിനാല്‍ യഹൂദമതം മോശയെ വലിയവനായി എണ്ണിയോ..?.മോശയുടെ പരമ്പരക്ക് ബൈബിളീല്‍ വലിയ പ്രാധാന്യം ഇല്ലാത്തതിന്റെ കാരണം അതായിരിക്കാം. മോശക്ക് നല്ല ഒരന്ത്യം കൊടുക്കുക എന്നത് എന്നില്‍ നിക്ഷിപ്തമായ ചുമതലയായി എനിക്കു തോന്നി. മോശക്ക് പ്രിയപ്പെട്ടവളായ സാറയേയും കൂട്ടി അവന് ജലസമാധിയായി എന്നു ഞാന്‍ കരുതുന്നു. വെള്ളത്തില്‍ നിന്നും കണ്ടെടുത്തവന് വെള്ളത്തില്‍ തന്നെ അവസാനിക്കുന്നതില്‍ ഒരു നീതീകരണം ഉള്ള പോലെ എനിക്കു തോന്നുന്നു.
ഡോ. ടോണി സന്ദേഹപ്പെടുന്ന പോലെ ഇതൊരു യാത്രാവിവരണമാണോ…? ചരിത്രമാണോ….നോവലാണോ…? ഉത്തരം അതിലുണ്ട്. അല്ലെങ്കില്‍ ഇതെല്ലാം ഇതില്ഉണ്ട്. എല്ലാം കൂടിച്ചേര്‍ന്ന ഒരു പുതിയ ഇനം. ഇങ്ങനെ ഇതിനു മുമ്പാരെങ്കിലും എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ കൃതിയുടെ രചനാ സമയത്ത് ഇങ്ങനെ എഴുതുവാനാണ് തോന്നിയത് എന്നേ എനിക്ക് പറയാന്‍ പറ്റു. “ഇക്കാലത്തെ പല രചനകള്‍ക്കും ഇപ്രകാരം ഒരു വിഷയാന്തര സ്വഭാവം(ഇന്റര്‍ഡിസിപ്ലനറി) പൊതുവേ കണ്ടുവരുന്നുണ്ട്. അതാകട്ടെ പുതിയ പ്രവണതയാണുതാനും.” ഡോ. ടോണിയുടെ അഭിപ്രായം അങ്ങനെയാണ്.
ബൈബിള്‍ പഴയ നിയമത്തിലെ ഉല്പത്തിയിലും, പുറപ്പാടിലും, ലേവ്യരിലും കണ്ട മോശയെ പിന്നെ പലയിടങ്ങളിലും അന്വേഷിച്ച് കണ്ടെത്തി ചിത്രികരിക്കാന്‍ ശ്രമിക്കുമ്പോള്‍ പലേയിടത്തും ബൈബിളിലെ മോശതന്നെ കയറി വരുന്നുണ്ടെങ്കിലും, സോളമനില്‍ മോശയേയും, ശലോമിയില് സാറയേയും കുടിയിരുത്തേണ്ടിവന്നു.
“ഒടുവില്‍ അയാള്‍ ഒരു കരാറില്‍ എത്തിയവനെപ്പോലെ സ്വയം പറഞ്ഞു; ശലോമി ക്രിസ്തുവിന്റെവഴിയിലൂടെയും, താന്‍ മോശയുടെ വഴിയിലൂടേയും ഈ യാത്ര തുടങ്ങാം. അപൂര്‍ണ്ണമായ മോശയുടെ ജീവിത ദൗത്യം, വാഗ്ദത്ത ഭൂമിയുടെ അതിരോളം എത്തിയിട്ടും, അങ്ങോട്ടു കടക്കാന്‍ പറ്റാതെ കുഴഞ്ഞു വീണ ഒരു ജീവിതം സോളമനെ എന്നും വേട്ടയാടിക്കൊണ്ടേയിരുന്നു.” (പേജ് 13) ഈ കൃതിയുടെ മൊത്തം ലക്ഷ്യം ഇവിടെ അനാവരണം ചെയ്യുന്നു. പിന്നെ പേജ് 15ല്‍ പറയുന്നപോലെ; “അനീതിയെ ചോദ്യം ചെയ്ത് ചരിത്രമായവരുടെ രണഭൂമി കാണുവാനുള്ള ഈ യാത്രയില്‍ ഞാന്‍ ആരുടെ കൂടെയാണ്. സോളമന് സ്വയം ചോദിച്ചു. അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും തന്റെ പക്ഷത്തു ചേര്‍ത്തു പിടിച്ച ക്രിസ്തുവിന്റെ പക്ഷമല്ലാതെ തനിക്ക്മറ്റൊരു പക്ഷമുണ്ടോ. നീതി നിമിത്തം പീഡകള്‍ സഹിക്കുന്നവരെ തന്റെ അടുക്കലേക്ക് ക്ഷണിച്ചവന്റെ തോളോടു ചേര്‍ന്നു നില്‍ക്കാനുള്ള കൃപക്കായി സോളമന് പ്രാര്‍ത്ഥിച്ചു.” ഈ കൃതിയിലെ മറ്റൊരു ചിന്താധാരയാണിത്. മൂന്നാമത്ത ധാര യാത്രയിലെ കാഴ്ച്ചകളും ചരിത്രവുമാണ്. ഈ മൂന്നു ധാരകളേയും കൂട്ടിയിണക്കുകയെന്നുള്ളത് ക്ഷിപ്ര സാദ്ധ്യമായിരുന്നില്ലെങ്കിലും, കഥയും കഥാപാത്രങ്ങളും സന്ദര്‍ഭാനുസരണം വന്നുകൊണ്ടേയിരുന്നു. എന്തായാലും സാമ്പ്രദായിക രീതിയിലുള്ളഒരു യാത്രാവിവരണം എന്നതില്‍ കവിഞ്ഞെന്തെങ്കിലും ഈ കൃതിയില്‍ ഉണ്ടാകണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഈ നോവല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നു ഞാന്‍ കരുതുന്നു.