കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും എന്തിനാണ് നിയന്ത്രണമെന്നും, ആണ്‍കുട്ടികളെ പൂട്ടിയിടാതെ പെൺകുട്ടികളെ മാത്രം എത്ര നാൾ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷന്മാരെ മാത്രം പൂട്ടിയിട്ടാൽ മതിയെന്നും കോടതി പറഞ്ഞു. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് പെൺകുട്ടികളെ ഹോസ്റ്റലിൽ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
രാത്രികാല നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹോസ്റ്റലുകളിലെ സ്ത്രീ പുരുഷ വേർതിരിവിനെ കോടതി രൂക്ഷമായി വിമർശിച്ചത്. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഹോസ്റ്റലില്‍ ഉള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഇവിടെയുണ്ടല്ലോ എന്നും അവര്‍ക്കും മാതാപിതാക്കള്‍ ഇല്ലേ എന്നും സര്‍ക്കാരിനോട് ചോദിച്ചു.
രാത്രി 9.30ന് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ എത്തണമെന്ന ചട്ടത്തിനെതിരെയാണ് വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. ഇത്തരം നിയമങ്ങൾ പുരോഗമന സമൂഹത്തിന്റേതല്ലെന്നും പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ ഇതേ ഹർജി പരിഗണിക്കവേ പറഞ്ഞിരുന്നു.