തലവെടി: ആലപ്പുഴ ജില്ലയിൽ തലവെടി പഞ്ചായത്തിൽ തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം ദർശിക്കുവാൻ ഛചത്തീസ്ഗഢിൽ നിന്നും തീർത്ഥാടക സംഘം എത്തി. 51പേരടങ്ങുന്ന ശബരിമല തീർത്ഥാടക സംഘം ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞാണ് ലോകപ്രശസ്തമായ കൃഷ്ണശില കൊടിമരം കാണുന്നതിനും ദേവീ ദർശനത്തിനുമായി കഴിഞ്ഞ ദിവസം എത്തിയത്. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരിയും, സെക്രട്ടറി അജികുമാർ കലവറശ്ശേരിയും, ക്ഷേത്ര ഭാരവാഹികളും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്ഷേത്ര ദർശനം നടത്തിയ സംഘം കൃഷ്ണശില ധ്വജത്തോടൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്.
കേരളത്തിലെ ആദ്യ കൃഷ്ണാ ശിലാ ധ്വജത്തിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയെ തുടർന്ന് ‘നിലവിൽ ഏറ്റവും ഉയരം കൂടിയ കൃഷ്ണശിലാ ധ്വജം ‘എന്ന അംഗികാരത്തോടെ ലോക റെക്കോര്‍ഡിൽ ഇടം പിടിക്കുകയും, സെപ്റ്റംബർ 27ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള, യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ് എന്നിവർ ചേർന്ന് ലോക റെക്കോർഡ് സർട്ടിഫിക്കറ്റും സമ്മാനിച്ചിരുന്നു.
44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് ആണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്. നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം. തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 ആളുകളുടെ ശ്രമഫലമായിട്ടാണ് നിർമ്മാണം പൂർത്തികരിച്ചത്.