ഹൈദരാബാദ്: ‘ഹലാൽ ജിഹാദ്’ എന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. നഗരത്തിലെ ഹിന്ദു ഗ്രൂപ്പുകൾ ഹിന്ദു വ്യവസായികൾക്കും സമുദായാംഗങ്ങൾക്കും ആശയം വിശദീകരിക്കാൻ ബോധവൽക്കരണ പരിപാടി നടത്തുന്നു.
കാച്ചിഗുഡയിലെ ബദ്രുക കോളേജിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് അത്തരത്തിലുള്ള ഒരു പരിപാടി നടക്കും. ‘H2H ബിസിനസ്’ നെറ്റ്‌വർക്കിംഗും ‘സനാതൻ ഹിന്ദു സംഘ’വുമാണ് ഈ പരിപാടിയെ പിന്തുണയ്ക്കുന്നത്.
“ഹിന്ദുക്കളുടെയും പ്രത്യേകിച്ച് ഹിന്ദു ബിസിനസുകാരുടെയും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഹലാലിനെതിരായ നമ്മുടെ കുരിശുയുദ്ധത്തിന്റെ തുടർച്ചയായി, ഹലാലിനെ കുറിച്ച് അറിയാതെ നമ്മളോരോരുത്തരും എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് നമുക്ക് മനസിലാക്കാം. നമുക്കിതില്‍ അണി ചേരാം, നമ്മുടെ ഉത്കണ്ഠ പ്രകടിപ്പിക്കാം, ഹലാൽ എന്ന ഈ ഭൂതത്തെ അവസാനിപ്പിക്കാം,” ഹിന്ദു ബിസിനസ്സ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തില്‍ പറയുന്നു.
ആഗോളതലത്തിൽ വൻ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഹലാൽ ഉൽപ്പന്നങ്ങളെക്കുറിച്ചാണ് ചില ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ജനപ്രതിനിധികൾ ഹലാൽ ഉൽപന്നങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കാരണം, ഇത് ഹിന്ദു ബിസിനസുകളെ വലിയ തോതിൽ തകർക്കുന്നു എന്നാണവരുടെ അഭിപ്രായം.