പത്തനംതിട്ട: വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബാ ഗാന്ധി ഭവൻ ഭാരവാഹികൾ ഏറ്റെടുത്തു.
ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വെച്ചു കൊടുത്ത വീടും സ്ഥലവും കുമ്പളാംപൊയ്കയിലുളള സഹകരണ സംഘത്തിൽ ജാമ്യം വെച്ച് ഇവരെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൽ 5.50 ലക്ഷം രൂപ മരുമകൾ വായ്പ്പയെടുത്തിരുന്നത് ഇപ്പോൾ 12 ലക്ഷത്തിന് ജപ്തിയിലാണ്. രോഗം ബാധിച്ച് ദിവാകരൻ കിടപ്പിലാണ്. അദ്ദേഹത്തെ പരിചരിച്ച് ഭാര്യ ഭാനുമതിയും അവശയും രോഗിയുമായി ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് പന്തളം ബ്ളോക്ക് പ്രസിഡന്റ് രേഖാ അനിലിന് ലഭിച്ച അപേക്ഷ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംരക്ഷണം അടൂർ കസ്തൂര്‍ബാ ഗാന്ധിഭവൻ എറ്റെടുത്തത്.
ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ വടശേരിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എം യശോധരൻ, അംഗങ്ങളായ രാധാസുന്ദർ സിംഗ്, രാജീവ് കെ കെ, മലയാലപ്പുഴ ജനമൈത്രീ പോലീസ് ബീറ്റ് ഓഫീസർമാരായ ജിത്തു പ്രകാശ്, അരുൺരാജ്, വടശേരിക്കര കുടുബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്.സുരേഷ്, പാലിയേറ്റീവ് കെയർ നഴ്സ് സ്വപ്ന സി.എം., ആശാവർക്കർ രമണി, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ. സോമനാഥൻ, സി ഡി എസ്. ചെയർ പേഴ്സൺ സുധ അനിൽകുമാർ, എ ഡി എസ് അംഗം ശോഭന എൻ എസ്, രാജീവ്,ജോമോൻ എന്നിവരെ കൂടാതെ അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, വികസനസമിതി ഭാരവാഹികളായ എസ്. മീരാ സാഹിബ്ബ്, അഷ്റഫ് ഹാജി അലങ്കാർ, കെ. ഹരിപ്രസാദ്, സുധീർ വഴിമുക്ക്, മാനേജർ ജയശ്രീ എന്നിവരും പങ്കെടുത്തു.