മറ്റൊരു മാറ്റത്തിന് കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത് പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ് ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്!
ജര്‍മ്മനിയില്‍ നിന്നാണ് ആ കൊടുങ്കാറ്റ് വീശിയത്. വിറ്റന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച് പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്) തൂങ്ങി. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സെന്റ് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ് ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന് വിലയിട്ട് പേപ്പല്‍ ഖജനാവ് കൊഴുപ്പിച്ചതിന്, ആ പണം ഉപയോഗിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ പേരില്‍.
ബസിലിക്ക പുതുക്കി വലുതാക്കി പണിയാന്‍ മുഖ്യ ശില്പിയായി ലിയോ പത്താമന്‍ തന്റെ അടുത്ത സുഹൃത്തും ചിത്രകാരനുമായ റാഫേലിനെത്തന്നെ ചുമതലപ്പെടുത്തി. പോപ്പ് ലിയോ പണിതു വലുതാക്കുന്ന ബസിലിക്കയിലെ ചില ശില്പങ്ങള്‍ കൊത്താന്‍ മൈക്കിള്‍ ആന്‍ജലോയെക്കൂടി ക്ഷണിച്ചു.
ഒരിക്കല്‍ റാഫേലും മൈക്കിള്‍ ആന്‍ജലോയും തമ്മില്‍ കണ്ടുമുട്ടി. എന്നാല്‍ പോപ്പ് ലിയോ പത്താമനെപ്പറ്റി കേള്‍ക്കുന്ന പരസ്യമായ വിമര്‍ശനങ്ങളാല്‍ മൈക്കിള്‍ആന്‍ജലോ മ്ലാനവദനനായിരുന്നു. തികച്ചും അസംതൃപ്തനും.
റാഫേല്‍ ചോദിച്ചു;
മൈക്കിള്‍ താങ്കള്‍ക്കെന്താണൊരു ഭാവപകര്‍ച്ച?
ശരിയാണ് റാഫേല്‍, ഞാന്‍ ഈ അടുത്ത കാലം വരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ലിയോ പത്താമന്‍ പിതാവിന്റെ പോക്ക് അത്ര ശരിയല്ല.
അതെന്താ?
താങ്കളിതൊന്നും കേള്‍ക്കുന്നില്ലേ? ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ്ഗില്‍, മാര്‍ട്ടിന്‍ ലൂതര്‍ എന്നൊരു അഗസ്റ്റീനിയന്‍ സന്യാസി പുരോഹിതന്‍, പോപ്പിനെതിരെ പ്രതിഷേധ പ്രകടന പത്രിക കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ തൂക്കിയ വിവരം?
കേട്ടു. പോപ്പില്‍ നിന്നു തന്നെ. പേര്‍ മാര്‍ട്ടിന്‍ ലൂതര്‍!
പോപ്പ്, മാര്‍ട്ടിന്‍ ലൂതറെ വിശേഷിപ്പിച്ചത്, സന്യാസിക്കുപ്പായമിട്ട പിശാച് എന്നാണ്. ശരിയാണെന്നാണ് എനിക്കും തോന്നിയത്.
അതെങ്ങനെ? ഞാനും താങ്കളെപ്പോലെ ഒരു കടുത്ത കത്തോലിക്കാ വിശ്വാസി തന്നെ. എന്നാല്‍ ബുദ്ധിക്കു നിരക്കാത്ത വിഡ്ഡിത്തരങ്ങളാണ് പോപ്പ് എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത്. നോക്ക്, അല്ലെങ്കില്‍ത്തന്നെ ആദ്യ കാലങ്ങളില്‍ സഭ രക്തസാക്ഷികളെയും വിശുദ്ധന്മാരെയും കൊണ്ട് നിറഞ്ഞ് വിശുദ്ധമായിരുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ പതിനഞ്ചും പതിനാറും നൂറ്റാണ്ടൈങ്ങനെയാണോ? സഭയുടെ ഇരുളടഞ്ഞ കാലം! ഈ നവോത്ഥാനത്തിന്റെ ഒക്കെ അര്‍ത്ഥം നിലനിര്‍ത്തണമെങ്കില്‍ സഭാനേതൃത്വം അതുപോലെ ആയിരിക്കേണ്ടേ? പോപ്പ് ലിയോ ഉള്‍പ്പെടെ കൂറേ സഭാ നേതാക്കന്മാര്‍ പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെ നിലയിലേക്കാണ് തരം താണിരിക്കുന്നത്. അവിടെ ആത്മീയതയ്ക്ക് എന്തു സ്ഥാനം?
റാഫേല്‍ തുറന്നു പറഞ്ഞു;
പരമ്പരാഗതമായ അടിയുറച്ച ഒരു കത്തോലിക്കാ വിശ്വാസിയാണ് ഞാന്‍. തെറ്റുകളും കുറ്റങ്ങളും സഭയിലൂണ്ടാകാം. എന്നു കരുതി സഭാപിതാക്കന്മാരെ വിമര്‍ശിക്കാന്‍ ഞാന്‍ ആര്‍ പ്രത്യേകിച്ച് അപ്രമാദിത്വം (തെറ്റാവരം) ഉണ്ടെന്ന് വിശ്വസിക്കുന്ന പോപ്പിനെ വിമര്‍ശിക്കാന്‍ ഞാനില്ല. അങ്ങനെയല്ലേ സഭ നമ്മെ ചെറുപ്പം മുതല്‍ പഠിപ്പിച്ചിരിക്കുന്നത്?
ശരിയായിരിക്കാം. എന്നാല്‍ കാലങ്ങള്‍ മാറുന്നു. വിദ്യാഭ്യാസമേറും തോറും മനുഷ്യന് ചിന്തിക്കാനും പഠിക്കാനും അറിയാനും തെറ്റുകള്‍ തിരുത്താനും കഴിയുന്നു. അപ്പോള്‍ കാലത്തിനൊത്ത് സഭയില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ സഭ ശിഥിലമാകും. ഇതിലുമൊക്കെ മറ്റൊരു കുഴപ്പം പോപ്പ് ലിയോ, മാര്‍ട്ടിന്‍ ലൂതറെ മഹറോന്‍ ചൊല്ലി സഭയ്ക്കു പുറത്താക്കി എന്നതു തന്നെ.
ജര്‍മ്മനിയിലും ഫ്രാന്‍സിലും ഹോളണ്ടിലുമൊക്കെ ആളുകള്‍ ഉളകിമറിഞ്ഞിട്ടുണ്ട്. ഈ പോക്ക് എവിടെ അവസാനിക്കുമെന്ന് ആര്‍ക്കറിയാം! ശുദ്ധീകരണ സ്ഥലത്തിന് വിലയിട്ട് പണമുണ്ടാക്കി സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ വലുതാക്കുന്നതിനെ ചൊല്ലിയാണ് മാര്‍ട്ടിന്‍ ലൂതറിന്റെ പ്രധാന പരാമര്‍ശം. എന്തുകൊണ്ട് ഫ്ലോറന്‍സിലെ ഭരണാധികാരി കൂടിയായ പോപ്പ്, അവിടെ അമിതമായ സമ്പത്ത് കൂട്ടി വെച്ചിട്ട് സാധാരണക്കാരായ വിശ്വാസികളുടെ നേര്‍ച്ചപ്പണവും ഇതുപോലെ പിഴയിട്ട് പിരിച്ചെടുക്കുന്ന പണവുമുപയോഗിച്ച് സൗധങ്ങള്‍ പണിത് പേപ്പല്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതെന്ന രൂക്ഷമായ വിമര്‍ശനമാണെവിടെയും. അതും പണമുണ്ടാക്കുന്ന രീതിയെപ്പറ്റിയും, അതായത് വിശ്വാസം വില്‍ക്കുന്നതിനെപ്പറ്റിയുമൊക്കെ.
ങാ, ആര്‍ക്കറിയാം! മൈക്കിള്‍, ഒരു കാര്യം, എങ്ങനെയായാലും ഇത്തരം പണികള്‍ നടന്നില്ലെങ്കില്‍ നമുക്കെങ്ങനെ ശ്രേയസും സമ്പത്തുമുണ്ടാകും?
റാഫേല്‍ തുടര്‍ന്നു:
ഡോണാറ്റോ ബ്രമാന്റെ തുടങ്ങിവെച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കാ തുടര്‍ന്ന് പണിതു വികസിപ്പിക്കാനുള്ള നിര്‍മ്മാണ പദ്ധതി ശ്രമകരമായിരുന്നിട്ടും എന്റെ ആത്മാവിന് സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപമായിട്ടാണ് ഞാനീ ദൗത്യം ഏറ്റെടുക്കുന്നത്. അത് മനോഹരമായി നിര്‍മ്മിക്കാന്‍ പോപ്പ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന് സുന്ദരമായ ആലയങ്ങള്‍ പണിതു കാഴ്ചവെയ്ക്കാനാഗ്രഹിക്കുന്ന പോപ്പ് ലിയോ പത്താമനെ ഞാന്‍ അഭിനന്ദിക്കുന്നു. അതിനു പണം വേണം. പണം ഉണ്ടാകാനുള്ള ഒരു ആത്മീയ മാര്‍ഗ്ഗമല്ലേ പാപമോചന പരിഹാരമായ പിഴകള്‍. നല്ല കാര്യങ്ങള്‍ക്ക് പിഴയായി പണം പിരിച്ചെടുക്കുന്നതിന് പോപ്പിന് ദൈവത്തിന്റെ പ്രതിപുരുഷനെന്ന നിലയില്‍ അധികാരവുമുണ്ട്.
അധികനാള്‍ കഴിയും മുമ്പാണ് ആ ശോക വാര്‍ത്ത മൈക്കിള്‍ആന്‍ജലോ ഞെട്ടലോടെ കേട്ടത്. ബസിലിക്കാ പണിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരുന്ന റാഫേല്‍ ഒരു സായം കാലം കുഴഞ്ഞു വീണു മരിച്ചു. ഒരു കാരണവും കൂടാതെ. അന്നു രാവിലെക്കൂടി കണ്ടതാണ് മൈക്കിള്‍, റാഫേലിനെ.
കണ്ടപ്പോള്‍ ഉത്സാഹത്തോടെ പറഞ്ഞിരുന്നു:
പോപ്പ് ലിയോയെ മുഖം കാണിച്ചുവരികയാണ്. പണം വേണ്ടത്ര പേപ്പല്‍ ഖജനാവില്‍ വന്നുചേര്‍ന്നിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ എന്തു തന്നെ പ്രചരിപ്പിച്ചാലും അതു വിജയിക്കാന്‍ പോകുന്നില്ല. യൂറോപ്പില്‍ ജര്‍മ്മനിയിലെ കുറേപ്പേര്‍ ഇളകിയിട്ട് എന്തു കാര്യം! വിശ്വാസികളെ മാറ്റിമറിക്കാനാവില്ല. എത്രയോ വര്‍ഷമായി പോപ്പുമാര്‍ പരമ്പരാഗത വിശ്വാസങ്ങളെയും അവരുടെ അപ്രമാദിത്യ അധികാരങ്ങളെയും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു. രാജാക്കന്മാരോ, പ്രഭുക്കന്മാരോ പോലും അധികാരത്തെ ശിരസാ വഹിക്കുന്നു. ഒരു സന്യാസി പുരോഹിതനോ അല്ലെങ്കില്‍ അയാളുടെ കുറേ അനുയായികളോ വിചാരിച്ചാല്‍ എന്തു നടക്കാന്‍! ധാരാളം പ്രഭുക്കന്മാര്‍ ഇതിനകം തന്നെ ശുദ്ധീകരണ സ്ഥലത്തിലെ ശിക്ഷകുറയ്ക്കല്‍, അവരുടെ ധനബലത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആ പണം ബസിലിക്കാ പോലെ സഭയുടെ നല്ല നല്ല കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടട്ടെ.
റാഫേല്‍ സത്യങ്ങള്‍ മറച്ചുവെച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. സ്വന്തം നേട്ടത്തിനും സ്വന്തം ആത്മാവിന് മോക്ഷത്തില്‍ നിക്ഷേപം ഉണ്ടാകാനും വേണ്ടി. അതയാളുടെ വിശ്വാസം അടിയുറച്ചതു തന്നെ. മൈക്കിള്‍ ഒരു ആത്മപരിശോധന നടത്തി. തന്റെ പഴയ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടിയിട്ടില്ലേ? എങ്കിലും ഇക്കാര്യത്തില്‍ ഒരു ഒറ്റയാന്‍ നിലപാട് പ്രത്യേകിച്ചും സ്വന്തം തൊഴിലിനെ ബാധിക്കും മുമ്പ് താന്‍ പോപ്പ് ജൂലിയസ് രണ്ടാമനോടു പോലും ചോദിച്ചിട്ടുണ്ട്. പാപങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട തുകകള്‍ വര്‍ദ്ധിപ്പിച്ച് പേപ്പല്‍ ഖജനാവ് സമ്പന്നമാക്കാന്‍ കഴിയില്ലേ എന്ന്. ഇന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. വിശ്വാസങ്ങളെ വിറ്റുള്ള പണസമ്പാദനം തെറ്റും ബാലിശവുമെന്ന്. കൂറേ സഭാപിതാക്കന്മാര്‍ തോന്ന്യവാസം ചെയ്ത് സഭയേയും വിശ്വാസത്തെയും ശിഥിലമാക്കുന്നതില്‍ എനിക്ക് വ്യസനമുണ്ട്.
പ്രത്യേകിച്ചും ഈയിടെ മാര്‍ട്ടിന്‍ ലൂതറിന്റെ പ്രതിഷേധ പ്രകടന പത്രികയും. യൂറോപ്പില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? പോപ്പ് ലിയോ തന്നെ. മാര്‍ട്ടിന്‍ ലൂതറിന്റെയും അനുയായികളുടെയും ചോദ്യം ശരിയല്ലേ? സമ്പത്തു കുമിഞ്ഞു കൂടിക്കിടക്കുന്ന ഫ്ലോറന്‍സിലെ ഭരണാധികാരി കൂടിയായ പോപ്പ് എന്തിനീ പിച്ചത്തരം കാട്ടുന്നു? സാധാരണക്കാരായ വിശ്വാസികളുടെ വിശ്വാസത്തെ വിറ്റ് പിഴിഞ്ഞു സ്വന്തം മഹത്വത്തിനുവേണ്ടി, സൗധങ്ങള്‍ പണിതു കൂട്ടുന്നു. മാര്‍ട്ടിന്‍ ലൂതറിന്റെ പോപ്പ് ലിയോ പത്താമനെ ചോദ്യം ചെയ്തുകൊണ്ടുള്ള തൊണ്ണൂറ്റഞ്ച് പ്രതിഷേധ്ര പ്രകടന പത്രിക ജര്‍മ്മനിയിലെന്നല്ല, യൂറോപ്പിലാകമാനം പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. അച്ചടിയുടെ പ്രചാര ഘട്ടം പൂര്‍വ്വാധികം ശക്തമായതോടെ. ങാ, ഇതെവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കറിയാം!
എങ്കിലും റാഫേലിന്റെ അപ്രതീക്ഷിതമായ വേര്‍പാട് മൈക്കിള്‍ആന്‍ജലോയെ ദുഃഖത്തിലാഴ്ത്തി. അതും മുപ്പത്തേഴാമത്തെ വയസ്സില്‍. റാഫേല്‍ ഉന്നതത്തില്‍ വിരാചിച്ച ചിത്രകാരനാണ്. ചിത്ര കലയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ ചിത്രകാരന്‍. സെസ്റ്റീന്‍ ചാപ്പലിലെ പരിശുദ്ധമാതാവ്, ഉണ്ണി മിശിഹായേ പേറി നില്‍ക്കുന്ന ചിത്രം തന്നെ റാഫേലിന്റെ പ്രശസ്തമായ ചിത്രം. പോപ്പ് ജൂലിയസ് രണ്ടാമന്റെ ആഗ്രഹ പ്രകാരം വരച്ച ഓയില്‍ ചിത്രം,എത്ര മനോഹരം! മാതാവിന്റെ വാത്സല്യം നിറഞ്ഞൊഴുകുന്ന ആ മുഖം ആരും നിര്‍ന്നിമേഷരായി നോക്കി നിന്നുപോകും. മറ്റൊരു പ്രധാന ചിത്രം സ്കൂള്‍ ഓഫ് ആതന്‍സ്. പുരാതന ഗ്രീസിലെ തത്ത്വചിന്തകനായ സോക്രട്ടീസ് ഉള്‍പ്പെടെ മഹാ തത്വ ചിന്തകരുടെ സദസ്സ്. അങ്ങനെ പലതും. ഏറ്റവും
ഒടുവില്‍ വരച്ച ചിത്രം യേശുക്രിസ്തുവിന്റെ രൂപാന്തരീകരണം ((ടാന്‍സ്ഫിഗറേഷന്‍), യേശുമിശിഹാ, ത്രിത്വത്തിലെ പുത്രന്‍ തമ്പുരാന്‍ മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ഭൂമിയിലേക്ക് മനുഷ്യ രൂപം സ്വീകരിച്ച് എത്തി എന്ന ക്രിസ്തീയ വിശ്വാസത്തെ വിളംബരം ചെയ്യുന്ന മനോഹര ചിത്രം! പോപ്പ് ലിയോ പത്താമന്റെ ആഗ്രഹപ്രകാരമാണതു വരച്ചത്. മലമുകളില്‍ മേഘവാനങ്ങളില്‍ നിന്ന് പറന്നെത്തുന്ന യേശുമിശിഹാ ഇരുപുറവും മഹാപ്രവാചകന്മാരായ മോശ, ഏലിയ, അടിയില്‍ യേശുവിന്റെ ദിവ്യ പ്രകാശത്തിന്റെ മൂര്‍ച്ചയില്‍ മോഹാലസ്യപ്പെട്ട് ഭയത്തോടും വിറയലോടും കിടക്കുന്ന അരുമ ശിഷ്യര്‍, പത്രോസ്, അന്ത്രയോസ്, യോഹന്നാന്‍. അതിനെ താഴെത്തട്ടില്‍ ഭയവും അത്ഭുതവും കൂറി നില്‍ക്കുന്ന മറ്റു ശിഷ്യന്മാര്‍! എത്ര ഭാവനാപരമായി ദൃശ്യ ചാരുതയോടെ വരച്ച ചിത്രങ്ങള്‍!
മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു. ഒരു ചിത്രകാരനും ശില്പിയും മരിക്കുന്നില്ല. അവരുടെ സൃഷ്ടികളിലൂടെ അവര്‍ അനശ്വരരായി ഭൂമി ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്നു. പക്ഷേ, ഒന്നുമാത്രം. ആയൂര്‍ദൈര്‍ഘ്യം അവരെ സൃഷ്ടികള്‍ മുഴുവന്‍ പുറത്തു വരുംമുമ്പ് അപ്രത്യക്ഷരാക്കുന്നു. അല്ലെങ്കില്‍ എന്തിന് ഒരു ശിശുവിന്റെ മുഖച്ഛായയുള്ള റാഫേലിനെ അനശ്വരനാക്കാന്‍ ഒരൊറ്റ ചിത്രം മതി, സെസ്റ്റീന്‍ ചാപ്പലിലെ മാതാവും ഉണ്ണിയേശുവും! അപ്പോള്‍ റാഫേലിന്റെ പതുങ്ങിയ സ്വരം കാറ്റിലൂടെ ഒഴുകിവന്ന് മൈക്കിളിന്റെ കാതുകളില്‍ മന്ത്രിച്ചു എന്നു തോന്നി:
മൈക്കിള്‍ ഞാന്‍ ധന്യനാണ്, ചെറിയ സമയമെങ്കിലും ഞാനെന്റെ ഓട്ടം പൂര്‍ത്തിയാക്കി ജീവിതലക്ഷ്യം നിറവേറ്റിയിരിക്കുന്നു!
(തുടരും)