എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പിൽ കാണികളെ ആകാംക്ഷയുടെയും ആശങ്കകളുടെയും മുൾമുനയിൽ നിർത്തി അർജൻൻ്റീന സെമിയിൽ ഇടം പിടിച്ചപ്പോൾ തലവടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബോൾ പ്രേമികളായ ഇവർ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചാണ് പ്രാർത്ഥിക്കുന്നത്. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ ടീം ലോക കപ്പിൽ മുത്തമിടാൻ ആണ് പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ മധുരം വിതരണം ചെയ്താണ് ഇവർ ആഹ്ളാദം പങ്കുവെച്ചത്.
വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു. “കളി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ. അതിരുകൾക്കപ്പുറം ആവേശമായി ഞങ്ങൾ എന്നും അർജൻൻ്റീനക്കൊപ്പമാണെന്നും ഫൈനലിൽ ബ്രസീൽ കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചെന്ന് കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ ദാനിയേൽ പറയുന്നു.
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും മക്കളാണ് ബെൻ, ദാനിയേൽ. ഡാനിയേൽ എൻ.സി.സി കേഡറ്റു കൂടിയാണ്. ബെൻ പഠന കാലയളവുകളിൽ ബാസ്ക്കറ്റ് ബോൾ നാഷണൽ യൂത്ത് ടീം അംഗമായിരുന്നു.