പത്തനംതിട്ട: ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഭക്തജനങ്ങളുടെ തിരക്കേറുന്നു. 1,07,260 പേരാണ് തിങ്കളാഴ്ച ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണിത്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ബുക്കിംഗ് ഒരു ലക്ഷം കടക്കുന്നത്. തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതിനാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രിതമായ രീതിയിലാണ് ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇതിനായി ഒരോ പോയിന്‍റുകളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് സെഗ്മന്‍റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും.
പോലീസിന് പുറമെ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും. ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഞായറാഴ്ച വൈകിട്ട് വരെ ബുക്ക് ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെ അറുപതിനായിരത്തോളം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. തിരക്കുള്ള ദിവസങ്ങളിൽ ദർശനം ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു.ഇക്കാര്യത്തിൽ തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറോടും പോലീസിനോടും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മരക്കൂട്ടത്ത് തിക്കിലും തിരക്കിലും പെട്ട് പോലീസുകാർക്കും തീർഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടന്നത്. അപകടത്തെക്കുറിച്ച് ദേവസ്വം കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.