എറണാകുളം: ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഇരട്ട ക്ലൈമാക്‌സിന് പിന്നിലെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി. കൊച്ചി രാജ്യാന്തര പുസ്തകമേളയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലോകായുക്ത അദ്ധ്യക്ഷന്‍ സിറിയക് ജോസഫിന്റെ സിനിമയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായാണ് മമ്മൂട്ടി ഡബിൾ ക്ലൈമാക്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനൊടുവിൽ രണ്ട് കഥാവസാനങ്ങളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരുകളാണ്. ഇരുവരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. പെൺകുട്ടി അവരില്‍ ആരെ തിരഞ്ഞെടുക്കും എന്നതാണ് കഥയുടെ അവസാന ഭാഗം.
അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്കു വച്ചത്. ഒന്ന് കൃഷ്ണൻ കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്‌തതല്ല.
ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകൾ വരും എന്നുള്ളൊരു ദുർബുദ്ധിയോട് കൂടിയോ, സ്വബുദ്ധിയോടെയോ ചെയ്ത ഒരു കാര്യമാണ്. പക്ഷേ ഈ പ്രിന്ററുകൾ അയക്കുന്ന ആളുകൾക്ക് അബദ്ധം പറ്റിയതാണ് അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയത്.
സദുദ്ദേശ്യത്തോടെ ആയിരുന്നു അന്ന് അത് ചെയ്തത്. എന്നാൽ, രണ്ടുപേർക്ക് വേണ്ടിയാണെങ്കിൽ പോലും മൈൻഡ് ചെയ്യാത്ത പ്രേക്ഷകർ ഇവിടെയുള്ളതുകൊണ്ടാണ് ചിത്രം വൻ വിജയമായതെന്നും ആ സിനിമയെ കുറിച്ച് ഈ വേദിയിൽ സംസാരിക്കാനിട വന്നതെന്നും മമ്മൂട്ടി പറഞ്ഞു.