ഇൻഡോർ (മധ്യപ്രദേശ്): തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്തതിന് വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരനെ കാറിന്റെ ബോണറ്റിൽ അപകടകരമായി ഇരുത്തി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു.
സത്യസായി ഇന്റർസെക്‌ഷനിലാണ് സംഭവം. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ശിവ് സിംഗ് ചൗഹാൻ (50) കാറിന് കൈകാണിച്ചു. വാഹനം നിര്‍ത്തി പിഴയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ ഡ്രൈവര്‍ വിസമ്മതിച്ചതോടെ കോൺസ്റ്റബിൾ ബോണറ്റിൽ ചാടിക്കയറിയെങ്കിലും വാഹനം നിര്‍ത്താതെ നാല് കിലോമീറ്ററോളം ഓടിച്ചതായി ചൗഹാന്‍ പറഞ്ഞു.
അമിത വേഗതയിലെത്തിയ വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ പിടികൂടാൻ പോലീസ് നിർബന്ധിതരായി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 332 (ഡ്യൂട്ടിയിലുള്ള പൊതുപ്രവർത്തകനെ സ്വമേധയാ മുറിവേൽപ്പിക്കുക), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തതായി ലസുദിയ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ എസ് ദണ്ഡോതിയ പറഞ്ഞു.
ഗ്വാളിയോർ സ്വദേശിയായ ഡ്രൈവറുടെ പക്കൽ നിന്ന് ഒരു പിസ്റ്റളും റിവോൾവറും കണ്ടെടുത്തിട്ടുണ്ട്. ഇവ ലൈസൻസുള്ളതാണെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും, കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
“സത്യസായി സ്‌ക്വയറിൽ ഡ്യൂട്ടിയിലിരിക്കെ, ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കാര്‍ നിര്‍ത്തിച്ചു. ചട്ടം ലംഘിച്ചതിന് പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ഞാൻ പറഞ്ഞപ്പോള്‍ അയാള്‍ വിസമ്മതിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാര്‍ ഓടിക്കാൻ തുടങ്ങിയപ്പോൾ, താൻ ബോണറ്റിൽ ചാടിക്കയറി. എന്നാൽ പോലീസ് തടഞ്ഞ് ലസുദിയ പോലീസ് സ്റ്റേഷന് സമീപം വാഹനം നിർത്താൻ നിർബന്ധിക്കുന്നത് വരെ നാല് കിലോമീറ്ററോളം വാഹനം നിര്‍ത്താതെ ഓടിച്ചു. പെട്ടെന്ന് ബ്രേക്ക് ചവിട്ടി എന്നെ വീഴ്ത്താൻ ശ്രമിച്ചു,” ചൗഹാൻ പറഞ്ഞു.