തിരുവനന്തപുരം: കേരളത്തിലെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള സർക്കാർ ബിൽ നിയമസഭ പാസാക്കിയെങ്കിലും രാജ്ഭവൻ പാസാകുമോയെന്ന സംശയം നിലനില്‍ക്കുന്നു. ചാൻസലർ സ്ഥാനം നീക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിൽ നിലനിർത്തുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുക എന്ന ഒറ്റ വഴിയേ ഇനി ഭരണപക്ഷത്തിന്റെ മുന്നിലുള്ളൂ.
ഇന്ത്യയിലെ വിവിധ ബി.ജെ.പി ഇതര സർക്കാരുകൾ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്നതിനുള്ള ബില്ലുകൾ നിയമസഭയിൽ പാസാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും ഗവർണർമാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കേരളത്തിലും സമാന സാഹചര്യമാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ബില്ല് നിയമമാകുന്നതിൽ അനിശ്ചിതത്വമുണ്ടെങ്കിലും ബില്ലിൻറെ കാര്യത്തിൽ പ്രതിപക്ഷത്തിൻറെ അനൈക്യം മുതലാക്കാനായത് ഭരണപക്ഷത്തിൻറെ നേട്ടമാണ്.
സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറും സർക്കാരും തർക്കത്തിലായപ്പോൾ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുസ്ലീംലീഗിൻറെ കടുത്ത എതിർപ്പിനെ തുടർന്ന് ഇപ്പോൾ മലക്കം മറിഞ്ഞു. നിയമമന്ത്രി പി രാജീവ് സഭയിൽ ബില്ല് അവതരിപ്പിക്കുന്ന ഘട്ടത്തിൽ ബില്ലിൻറെ ഉദ്ദേശശുദ്ധിയിൽ പ്രതിപക്ഷ നേതാവ് സംശയം പ്രകടിപ്പിച്ചെങ്കിലും ബില്ലിനോട് പ്രതിപക്ഷത്തിന് യോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് സമ്മതിക്കേണ്ടി വന്നത് ലീഗിൻറെ സമ്മതം കൊണ്ടാണ്.
സർക്കാരിന്റെ ശിപാർശയനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ ബിജെപിക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ലീഗ് പരസ്യമായി സ്വീകരിച്ചത്. ലീഗിനെ പിന്തിരിപ്പിക്കാനും ബില്ലിനു പിന്നിലെ അപകടകരമായ രാഷ്ട്രീയം അവരെ ബോധ്യപ്പെടുത്താനും പ്രതിപക്ഷ നേതാവ് ശ്രമിച്ചെങ്കിലും ബില്ലിനെ നിയമസഭയിൽ എതിർത്ത് ഗവർണർക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ പാർട്ടി അണികൾക്കുണ്ടാകുന്ന ആശയക്കുഴപ്പവും അതിലൂടെയുള്ള സിപിഎം മുതലെടുപ്പും മുസ്ലീം സാമുദായിക സംഘടനകൾ ഉയർത്താൻ സാധ്യതയുള്ള എതിർപ്പും ലീഗ് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ബില്ലിനെ അനുകൂലിച്ചാലും സാരമില്ല ഗവർണറെ എതിർക്കുക എന്ന സമീപനത്തിലേക്കാണ് ലീഗ് എത്തിയത്.
ഇതിൽ അവർ ഉറച്ചു നിന്നതോടെ സ്വന്തം നിലപാട് മാറ്റാൻ നിർബന്ധിതമായി. അതല്ലെങ്കിൽ ഒരു ബില്ലിൻമേൽ നിയമസഭയിൽ പ്രതിപക്ഷ അനൈക്യം എന്ന ദുരന്തത്തിലേക്ക് യുഡിഎഫ് എത്തുമായിരുന്നു. നിലവിലുള്ള സാഹചര്യത്തിലേക്ക് എത്തിയില്ല എന്നത് മാത്രമാണ് ആശ്വാസത്തിന്. അതേസമയം ഇതുപോലെ ഒരു ബില്ല് കൊണ്ടു വന്നത് എന്തുകൊണ്ടും സമയോചിതമായി എന്ന അഭിപ്രായം എൽഡിഎഫിൽ സിപിഎമ്മിലുണ്ട്.
മാത്രമല്ല, പ്രതിപക്ഷത്തായിട്ടും ലീഗിനെ സർക്കാർ നിലപാടിനൊപ്പം ചേർക്കുക എന്ന തന്ത്രപരമായ നീക്കം സിപിഎമ്മിന് വിജയിപ്പിക്കാനുമായി. ഇതിനുള്ള പ്രത്യുപകാരമാണ് ലീഗ് ഒരു വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റിനെ വിലയിരുത്തുന്നു. ബിൽ ചർച്ചയുടെ അവസാന ഘട്ടത്തിൽ തങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും അതിന്റെ മുഖം രക്ഷിക്കൽ തന്ത്രം മാത്രമാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടൊപ്പം പ്രതിപക്ഷ നേതാവിന് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പറയാനുള്ള അവസരവും ലീഗ് നേതൃത്വം ഒരുക്കുകയായിരുന്നു. പ്രതിപക്ഷത്തെ ഒരു പരിധിവരെ ഒപ്പം നിർത്തിയത് സമീപകാല പാർലമെന്ററി ചരിത്രത്തിലെ ഭരണ മുന്നണിയുടെ ഏറ്റവും വലിയ വിജയമാണ്.
ഗവർണർ ഒപ്പിടാതെ മൂന്ന് ബില്ലുകള്‍
സംസ്ഥാന നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ ഇരിക്കുന്നത്. വി സി നിയമന വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്ന സർവകലാശാലാ ബില്‍, ലോകായുക്താ നിയമ ഭേദഗതി ബില്‍, മിൽമ ഭരണസമിതി തിരഞ്ഞെടുപ്പിൽ അഡ്മിനിസ്‌ട്രേറ്റർ നിർദേശിക്കുന്ന ആളിനും വോട്ടവകാശം നൽകുന്ന ബിൽ എന്നിവയാണിത്. ഈ ബില്ലുകളില്‍ ഒപ്പിടാത്തത് സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടി ച്ചിട്ടുമുണ്ട്.
ഭരണഘടനയുടെ 200-ാം അനുച്ഛേദം പ്രകാരമാണ് ബില്ലുകളില്‍ ഗവർണർ ഒപ്പിടേണ്ടത്. എന്നാല്‍ ബില്ലുകളില്‍ ഒപ്പിടുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരമാവധി വൈകിപ്പിച്ച് കൊണ്ടുപോകുന്നതിനും ഗവര്‍ണര്‍ക്ക് കഴിയും. വി സി നിയമനത്തില്‍ സര്‍ക്കാരുമായി മാസങ്ങളായി ഏറ്റുമുട്ടലിലാണ് ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെ വന്നാല്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് വീണ്ടും മുറുകുമെന്ന് ഉറപ്പാണ്. അടിയും തിരിച്ചടിയും തുടരുകയും ചെയ്യും.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഓര്‍ഡിനന്‍സ് മുന്നിലെത്തിയാല്‍ അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് എടുത്തു. ഇതോടെയാണ് ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. പകരം ഗവര്‍ണറെ പുറത്താക്കുന്നതിന് ബില്‍ നിയമസഭയിലെത്തിക്കുകയും ചെയ്തു.