കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. കൗമാരക്കാരായ ആണ്‍-പെണ്‍ കുട്ടികളെ ക്ലാസില്‍ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണിയുടെ വിവാദ പരാമര്‍ശം. കൗമാരക്കാരെ ഒരുമിച്ച് പഠിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സംസ്കാരം തകരുമെന്നും രണ്ടത്താണി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലായിരുന്നു രണ്ടത്താണിയുടെ വിവാദ പരാമര്‍ശം.
“വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർക്ക് നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. ഒരുമിച്ചിരുത്തി പഠിപ്പിച്ചിട്ടല്ല അവരത് നേടിയത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പറയുന്നത്. എന്നാൽ പഠിപ്പിക്കുന്ന വിഷയമാകട്ടേ സ്വയംഭോഗവും സ്വവർഗരതിയും. കൗമാര പ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തി ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്കാരം. തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. അതുകൂടി സംരക്ഷിച്ച് കൊണ്ട് മാത്രമേ നാടിന് മുന്നോട്ട് പോകാൻ കഴിയൂ” എന്നും രണ്ടത്താണി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി കുറ്റപ്പെടുത്തി. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. അത് കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രണ്ടത്താണി പറഞ്ഞു.