എറണാകുളം: ശബരിമലയിലെ ഭക്ത ജനത്തിരക്ക് നിയന്ത്രണവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിയിൽ സമർപ്പിച്ചു. ശിപാർശകളിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അമിക്കസ് ക്യൂറിയുടെയും ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെയും നിലപാട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കഴിഞ്ഞ ദിവസം സർക്കാർ തലത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ അടങ്ങിയ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിച്ചു.
വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000 ഉം ദർശനം 19 മണിക്കൂറുമാക്കിയതുമടക്കം നിർദേശങ്ങളാണ് സമർപ്പിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങി സമീപ സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാരുടെ അറിവോടെ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് പോലീസ് നൽകിയത്. ഇത് സംബന്ധിച്ച ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.
പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷെഡ്യൂൾ സർവീസുകൾ പഴയപടി തുടരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു.
എന്നാൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇവ പ്രത്യേക സർവീസുകളാക്കി മാറ്റിയിട്ടില്ലെന്നും തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നു എന്നതടക്കമുള്ള പരാതിയില്‍ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹർജിയിൽ കെഎസ്ആർടിസി വിശദീകരണം നല്‍കി. ഷെഡ്യൂൾ സർവീസ് ലിസ്റ്റും കെഎസ്ആർടിസി സമർപ്പിച്ചിട്ടുണ്ട്. ഹർജിയിൽ ദേവസ്വം ബെഞ്ച് വെള്ളിയാഴ്ച വാദം കേൾക്കും.