ഉള്ളടക്കത്തിലെ വൈവിധ്യവും , അസാധാരണ അവതരണ മികവും, മികച്ച ഒരു സംഘം മാധ്യമ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടും അമേരിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച മലയാളം ടെലിവിഷൻ പരിപാടിയായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പൂർത്തിയാക്കിയത്തിന്റ ആഘോഷം ലോസ് ആഞ്ജലസിൽ നടന്നു.
ലോസ് ആഞ്ജലസിലെ സെരിട്ടോസ് പെർഫോമൻസ് ആർട്സ് സെൻററിലെ വർണശബളമായ, പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ആഘോഷങ്ങൾ. സെരിട്ടോസ് സിറ്റി മേയർ ചങ് വോ, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, പ്രശസ്ത നടി ഗീത എന്നിവർ മുഖ്യാതിഥികളായിരുന്നു.
അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച 300 എപ്പിസോഡ് എന്ന സുവർണ്ണ നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ചടങ്ങിന് നേതൃത്വം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ പറഞ്ഞു. ഒരു മുടക്കവുമില്ലാതെ 300 എപ്പിസോഡുകൾ ഉയർന്ന നിലവാരത്തിൽ പൂർത്തിയാക്കിയ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിൽ നിന്നുള്ള ഔദ്യോഗിക പ്രൊഡക്ഷൻ ആണ് ലോക മലയാളികൾക്ക് സുപരിചിതനായ ഡോ. കൃഷ്ണ കിഷോർ രചനയും, നിർമാണവും, അവതരണവും നിർവഹിക്കുന്ന അമേരിക്ക ഈ ആഴ്ച. കൃത്യതയാര്‍ന്ന റിപ്പോര്‍ട്ടിംഗ് പാടവവും, ഭാഷാശൈലിയും കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച ഡോ. കൃഷ്ണ കിഷോർ നയിക്കുന്ന ഈ പരിപാടി മറ്റ് ഏത് പ്രവാസി പരിപാടികളെക്കാളും ഒരു പടി മുന്നിൽ തന്നെയാണ്.
2017-ല്‍ ആരംഭിച്ച ഈ പരിപാടിയുടെ ഇതുവരെയുള്ള വിജയത്തിനും മുന്നോട്ടുള്ള യാത്രക്കും കരുത്ത് നൽകുന്നത് അമേരിക്കയിലേയും, ഏഷ്യാനെറ്റ് ന്യൂസിന്റെ കേരളത്തിലേയും പ്രതിഭാധനരായ ഏതാനും മാധ്യമ പ്രവർത്തകരാണ്.
മലയാളികളുടെ അഭിമാനവും ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനുമായ ഔസേപ്പച്ചന്, പ്രശസ്ത ചലച്ചിത്ര സംവിധായകനായ സിദ്ദിഖ്, പ്രശസ്ത സിനിമാതാരം ഗീത, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രമുഖ നേതാക്കള്‍, കാലിഫോണിയയിലെ ഏഷ്യാനെറ്റ് ന്യൂസിനെ നെഞ്ചിലേറ്റിയ സഹൃദയരായ സുഹൃത്തുക്കൾ മുതലായവര്‍ പങ്കെടുത്ത നിറഞ്ഞ സദസ്സിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സിദ്ദിഖ്, ഔസേപ്പച്ചൻ, ഗീത എന്നിവർ അമേരിക്ക ഈ ആഴ്ച ടീമങ്ങൾക്ക് പ്രശംസാ ഫലകങ്ങൾ സമ്മാനിച്ചു.
ഡോ. കൃഷ്ണ കിഷോർ, ഷിജോ പൗലോസ്, അലൻ ജോർജ്, അരുൺ കോവാട്ട്, വിൻസെന്റ് ഇമ്മാനുവേൽ, സണ്ണി മാളിയേക്കൽ, നവീൻ ജോൺ, അച്ചു ചന്ദ്ര, റോയ് ജോർജ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.
അടുത്ത ലക്ഷ്യം അഞ്ഞൂറാം എപ്പിസോഡാണെന്നും, കേരളത്തിലെ അതിവിദഗ്ധരുടെ അർപ്പണബോധം, കഠിനാധ്വാനം, സാങ്കേതിക മികവ് എന്നിവയാണ് തനിക്ക് പകരുന്ന ഊർജമെന്ന് ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ ചീഫ് ഡോ. കൃഷ്ണ കിഷോർ പറഞ്ഞു. “അമേരിക്ക ഈ ആഴ്ച 300 എപ്പിസോഡ് പിന്നിടുമ്പോൾ, ഈ മാധ്യമ പ്രവർത്തകരുടെ അചഞ്ചലമായ കൂട്ടായ്മയും ലോകം അറിയണം,” ഡോ. കിഷോർ അഭിപ്രായപ്പെട്ടു.